Asianet News MalayalamAsianet News Malayalam

'അഭിപ്രായം വീട്ടിൽ പോയി പറ', പിണറായിയെ വിമർശിച്ച അയ്ഷ റെന്നയ്ക്ക് നേരെ സിപിഎം പ്രതിഷേധം

''എന്നാൽ എന്‍റെ അഭിപ്രായം വീട്ടിൽ മാത്രമാണ് പറഞ്ഞിരുന്നതെങ്കിൽ ഞാൻ ഒരു യൂണിവേഴ്‍സിറ്റിയിൽ പോയി പഠിക്കില്ല, ഒരു പാൻ ഇന്ത്യൻ മൂവ്മെന്‍റിന്‍റെ ഭാഗമായി ഒരു മുന്നണിയിൽ നിൽക്കില്ല'', എന്ന് അയ്ഷ റെന്ന.

cpim protest against jamia millia student ayesha renna in kondotty over criticism against pinarayi
Author
Kondotty, First Published Dec 29, 2019, 5:15 PM IST

കൊണ്ടോട്ടി: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മലപ്പുറം കൊണ്ടോട്ടിയിൽ വച്ച് സംസാരിച്ച ജാമിയ മിലിയ വിദ്യാർത്ഥിനി ആയിഷ റെന്നയെ തടഞ്ഞ് സിപിഎം പ്രവർത്തകർ. 'പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത  പിണറായി വിജയൻ സർക്കാരിന്‍റെ നടപടിയെ അപലപിക്കുന്നു' എന്ന് അയ്ഷ റെന്ന പ്രസംഗത്തിനിടെ  പറഞ്ഞതാണ് സിപിഎം പ്രവർത്തകരെ ചൊടിപ്പിച്ചത്. അയ്ഷയെ തടഞ്ഞ് മുദ്രാവാക്യം വിളിച്ച സിപിഎം പ്രവർത്തകർ അവർ മാപ്പ് പറയാതെ പോകാൻ പറ്റില്ലെന്ന് ആക്രോശിക്കുന്നതും ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

കൊണ്ടോട്ടിയിൽ പൗരത്വ നിയമഭേദഗതിയ്ക്ക് എതിരെ ചില യൂത്ത് ക്ലബ്ബുകളും വ്യാപാരി സംഘടനകളും കൊണ്ടോട്ടി മുൻസിപ്പാലിറ്റിയും സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അയ്ഷ റെന്ന. 

സിപിഎം പ്രവർത്തകരുടെ ഭാഗത്തു നിന്നും വളരെ മോശമായ പ്രതികരണമാണ് ഉണ്ടായതെന്ന് ആയിഷ റെന്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിഷേധക്കാരെ ജയിലിലടച്ച സംസ്ഥാന സർക്കാരിനെതിരെ പറഞ്ഞത് തന്‍റെ നിലപാടാണ്. ധാർമ്മികതയാണ്. അതിൽ അസഹിഷ്ണുത കാണിക്കുകയും തന്‍റെ നേരെ ആക്രോശിക്കുകയും അല്ല വേണ്ടത്. അഭിപ്രായം വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നാണ് ആക്രോശിച്ചത്. ഇതിനോട് യോജിക്കാനാവില്ലെന്നും ആയിഷ റെന്ന പറഞ്ഞു.

''എന്നാൽ എന്‍റെ അഭിപ്രായം വീട്ടിൽ മാത്രമാണ് പറഞ്ഞിരുന്നതെങ്കിൽ ഞാൻ ഒരു യൂണിവേഴ്‍സിറ്റിയിൽ പോയി പഠിക്കില്ല, ഒരു പാൻ ഇന്ത്യൻ മൂവ്മെന്‍റിന്‍റെ ഭാഗമായി ഒരു മുന്നണിയിൽ നിൽക്കില്ല, എന്‍റെ അഭിപ്രായം എന്നും പുറത്തു പറയുന്നതുകൊണ്ടും ആളുകളെ അതുമായി സമീപിക്കുന്നതുകൊണ്ടുമാണ് ഞാനിവിടെ നിൽക്കുന്നത്. ആളുകൾ ആവശ്യപ്പെട്ടതുകൊണ്ടാണ് അവിടെ ഞാൻ സംസാരിച്ചത്. അല്ലെങ്കിൽ സംസാരിക്കുമായിരുന്നില്ല. ഇത്തരം ഹേറ്റ് ക്യാംപെയ്നുകളും, ഇത്തരം ആക്രോശങ്ങളും നമ്മളെല്ലാം നിൽക്കുന്ന, മുന്നോട്ട് നയിക്കുന്ന സമരങ്ങളെ വഴി തെറ്റിക്കാനാണ് സാധ്യത. ഭരണകൂടം നമുക്ക് അനുവദിച്ച് തന്ന ചില അവകാശങ്ങളുണ്ട്. അത് എടുത്തുകളയുന്ന സർക്കാരുകൾക്കെതിരെ, ഭരണകൂടങ്ങൾക്ക് എതിരെ ഞങ്ങൾ സമരം ചെയ്യും, അതിൽ സംശയമില്ല'', അയ്ഷ റെന്ന വ്യക്തമാക്കി.

''നമ്മളെ തടയാനും അടിച്ചമർത്താനും ശ്രമിക്കുന്ന എല്ലാവരും ബിജെപിക്ക് സമമാണ്. ഇവിടെ ബഹുജൻ മുസ്ലിം രാഷ്ട്രീയം ഉയർന്ന് വരും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണം എന്ന് ഞാൻ ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്. ചന്ദ്രശേഖർ ആസാദിനെതിരായ പൊലീസ് നടപടിയെ ഞാൻ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ജാമിയ മിലിയയിലെ വിദ്യാർത്ഥികളെ അനുകൂലിച്ച് പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത പിണറായി വിജയൻ സർക്കാരിനെയും ഞാൻ അപലപിക്കും. ഈ സമരം നമ്മൾ മുന്നോട്ട് തന്നെ കൊണ്ടുപോകും'', എന്ന് റെന്ന പ്രസംഗത്തിൽ പറഞ്ഞു.

കേരളത്തിൽ പൗരത്വ നിയമഭേദഗതിക്ക് എതിരെ ചില മുസ്ലിം സംഘടനകൾ അടക്കം ഡിസംബർ 17-ന് കേരളത്തിൽ നടത്തിയ ഹർത്താലിന് മുന്നോടിയായി പലരെയും കരുതൽ തടങ്കലിലാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയെയാണ് അയ്ഷ വിമർശിച്ചതെന്നാണ് സൂചന. ഈ ഹർത്താലിൽ നിന്ന് മുസ്ലിം ലീഗും, സിപിഎമ്മും, കോൺഗ്രസുമടക്കമുള്ള പ്രധാന രാഷ്ട്രീയപാർട്ടികൾ പലതും വിട്ടു നിന്നിരുന്നു. എസ്ഡിപിഐ അടക്കമുള്ള പാർട്ടികളായിരുന്നു ഹർത്താലിന് പിന്നിൽ. 

അയ്ഷ ഇത് പറഞ്ഞതിന് പിന്നാലെ വലിയ പ്രതിഷേധം സിപിഎം പ്രവർത്തകർ സദസ്സിൽ നിന്ന് ഉയർത്തി. അയ്ഷയെ സിപിഎം പ്രവർത്തകർ വേദിയിൽ കയറി തടഞ്ഞു. അയ്ഷ മാപ്പ് പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം. വളരെ ബുദ്ധിമുട്ടിയാണ് സംഘാടകർ അയ്ഷയെ പ്രതിഷേധക്കാരിൽ നിന്ന് മാറ്റി നിർത്തിയത്.

ഇതിന് ശേഷം വേദിയിൽ നിന്ന് അയ്ഷ പറയുന്നതായി വീഡിയോയിൽ കേൾക്കുന്നതിങ്ങനെ. ''ഞാൻ എന്‍റെ അഭിപ്രായമാണ് പറഞ്ഞത്'', ഇതിന് മറുപടിയായി സദസ്സിൽ നിന്നൊരാൾ ഉറക്കെ വിളിച്ച് പറയുന്നതിങ്ങനെ. "എന്ത് അഭിപ്രായം? അങ്ങനെ സ്വന്തം അഭിപ്രായം ഇവിടെ പറയണ്ട'', മറ്റൊരാൾ പറയുന്നതിങ്ങനെ, ''അഭിപ്രായമൊന്നും ഇവിടെ പറയണ്ട, അത് വീട്ടിപ്പോയി പറഞ്ഞാ മതി''. 

ഇതിന് ശേഷം, വേദിയുടെ പുറത്തും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി മുദ്രാവാക്യം വിളിച്ചു. 

എന്നാൽ ഇത് പ്രാദേശികമായ പ്രതിഷേധമായി മാത്രം കണ്ടാൽ മതിയെന്നാണ് പ്രാദേശിക സിപിഎം, ഡിവൈഎഫ്ഐ നേതൃത്വം പറയുന്നത്. പ്രസംഗത്തിനിടെ പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്യുന്ന രീതിയിൽ അയ്ഷ റെന്ന സംസാരിച്ചു. ഇത് പാർട്ടി പ്രവർത്തകരെ പ്രകോപിപ്പിച്ചിരിക്കാം. അതിലുള്ള പ്രതിഷേധം അവർ രേഖപ്പെടുത്തിയതാണ്. അതല്ലാതെ, പാർട്ടിക്ക് അയ്ഷ റെന്നയ്ക്ക് എതിരായ നിലപാടില്ലെന്നും പ്രാദേശിക പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios