ഇഡി പരിശോധന കൊണ്ട് നിക്ഷേപങ്ങൾ ഒറ്റപ്പെട്ട നിലയിലേ പിൻവലിക്കപ്പെട്ടിട്ടുള്ളൂവെന്ന് കണ്ണൻ പറഞ്ഞു. അങ്ങനെ പിൻവലിക്കപ്പെട്ട നിക്ഷേപം വൈകാതെ തിരിച്ചു വന്നു

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ആരോപണ വിധേയരായ തൃശൂർ സർവ്വീസ് സഹകരണ ബാങ്കിന് 2022 -23 സാമ്പത്തിക വർഷത്തിൽ 6.29 കോടി രൂപ അറ്റ ലാഭമെന്ന് ബാങ്ക് പ്രസിഡന്റ് എംകെ കണ്ണൻ. അംഗങ്ങൾക്ക് 25% ലാഭവിഹിതം നൽകാൻ പൊതുയോഗത്തിൽ ശുപാർശ വച്ചുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഞായറാഴച ചേരുന്ന ബാങ്കിന്റെ പൊതുയോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇഡി അന്വേഷണത്തെയും നിശിതമായി വിമർശിച്ചു.

ഇഡി പരിശോധന കൊണ്ട് നിക്ഷേപങ്ങൾ ഒറ്റപ്പെട്ട നിലയിലേ പിൻവലിക്കപ്പെട്ടിട്ടുള്ളൂവെന്ന് കണ്ണൻ പറഞ്ഞു. അങ്ങനെ പിൻവലിക്കപ്പെട്ട നിക്ഷേപം വൈകാതെ തിരിച്ചു വന്നു. കരുവന്നൂർ ബാങ്കിന്റെ കൺസോഷ്യത്തിലേക്ക് തൃശൂർ സർവീസ് സഹകരണ ബാങ്ക് 20 ലക്ഷം നൽകി. കരുവന്നൂർ ബാങ്കിൽ ഇപ്പോൾ നിക്ഷേപകർ വരി നിൽക്കുകയാണ്. കരുവന്നൂർ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി സ്ഥാനത്തുള്ള സതീശന്റെ പേരിൽ ഒരു നയാപൈസയുടെ ഇടപാടും തൃശൂർ സർവീസ് സഹകരണ ബാങ്കിൽ ഇഡി ക്ക് കണ്ടെത്താനായിട്ടില്ല. കോടികളുടെ ഇടപാട് നടന്നുവെന്നായിരുന്നു ചിലരുടെ ആരോപണം, അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും എംകെ കണ്ണൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്