കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. എന്തുകൊണ്ടാണ് ബിജെപി സർക്കാർ പിണറായി വിജയനെതിരായ അഴിമതി കേസുകളിൽ നടപടിയെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.
കോഴിക്കോട്: കേരളത്തിൽ സിപിഎമ്മും ബിജെപിയും ഡീൽ ആണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും. കേരളത്തിൽ രണ്ട് മുന്നണികൾ തമ്മിലാണ് മത്സരം. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിൽ ഒരു വ്യത്യാസവും ഇല്ലാതായി. ഇക്കാര്.ം മുതിർന്ന ഇടത് നേതാക്കൾ വരെ ചോദിക്കുന്നു. ബിജെപിയെ എതിർക്കുന്നവർക്ക് എതിരെ എല്ലാം കേസ് എടുക്കുന്നു. എന്തുകൊണ്ടാണ് ബിജെപി പിണറായിയെ വെറുതെ വിടുന്നതെന്നും അഴിമതി കേസുകളിൽ എന്താണ് നടപടി ഇല്ലാത്തതെന്നും ഇതാണ് ബിജെപി-സിപിഎം ബന്ധത്തിന് തെളിവെന്നും രാഹുൽ പറഞ്ഞു.
പിൻവാതിൽ നിയമനം മാത്രമാണ് നടക്കുന്നത്. പിഎസ്‍സി റാങ്ക് ഹോൾഡർക്ക് പോലും ജോലി ഇല്ല. പാർട്ടി ബന്ധുക്കൾക്കാണ് ജോലി. 8.20 ലക്ഷം പേർ കേരളത്തിൽ ലഹരിക്ക് അടിമയാണ്. ഇതാണ് ഇടതു നേട്ടം. ശബരിമല സ്വർണം വരെ കട്ടു. ദൈവത്തെ പേടി ഇല്ലാത്തവർ എങ്ങിനെ കേരളത്തെ രക്ഷിക്കുമെന്നും എല്ലാ ഉറപ്പുകളും യുഡിഎഫ് നടപ്പിലാക്കുമെന്നും രാഹുൽ പറഞ്ഞു.
കേരളത്തിൽ എൽ ഡി എഫും ബി ജെ പിയും തമ്മിൽ ശക്തമായ അന്തർധാരയുണ്ടെന്നാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖർഗെയും പറഞ്ഞു. സിപിഎമ്മിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും സി പി എമ്മിനെ ജയിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ടാണ് പല മണ്ഡലങ്ങളിലും ബി ജെ പി ശക്തരായ സ്ഥാനാർഥികളെ നിർത്താത്തത്. എൽ ഡി എഫ് ജനങ്ങൾക്ക് ഒപ്പമല്ല, ബി ജെ പിക്ക് ഒപ്പമാണ് നിലകൊള്ളുന്നതെന്നും ഖർഗെ വിമർശിച്ചു. മാറ്റം വേണമെങ്കിൽ യു ഡി എഫിന് വോട്ട് ചെയ്യണം. വീണ്ടും ഇടത് പക്ഷം വന്നാൽ കേരളം തകരുമെന്നും കോൺഗ്രസ് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.
