പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള കലഹം എല്‍ഡിഎഫിൽ രൂക്ഷം. നിലപാടിൽ വിട്ടുവീഴ്ചക്കില്ലാതെ സിപിഎമ്മും സിപിഐയും. ഇതുവരെ നിയമസഭാ കക്ഷിയോഗം ചേരാൻ ആയില്ലെന്നും പദവി നൽകാൻ ആകില്ലെന്നും ആവർത്തിച്ച് സിപിഎം. വിട്ടുവീഴ്ചക്കില്ലെന്ന് സിപിഐ.
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ ഇടതുമുന്നണിയിൽ അസാധാരണ പ്രതിസന്ധി. സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടു. സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് അടക്കമുള്ള ആലോചനയിലാണ് സിപിഐ. ഇന്നത്തെ ചർച്ച പൊളിഞ്ഞെങ്കിലും സമവായ നീക്കങ്ങൾ ഇനിയും തുടരും.
പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം അതിരൂക്ഷം. പ്രതിപക്ഷ ഉപനേതാവ് പദവി കിട്ടിയേ തീരു എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആദ്യം വ്യക്തമാക്കിയത് മാധ്യമങ്ങൾക്ക് മുന്നിലാണ്. ഇക്കാര്യത്തിൽ സിപിഎമ്മിന് വഴങ്ങരുതെന്ന കർശന സമ്മർദ്ദം ബിനോയ് വിശ്വത്തിന് പാർട്ടിക്കകത്ത് നിന്നുണ്ട്. സെക്രട്ടറി തല ചർച്ചക്ക് എകെജി സെന്‍ററിലെത്തി മടങ്ങുമ്പോൾ പക്ഷെ കാര്യങ്ങളത്ര പന്തിയല്ല.
നിലപാടിൽ വിട്ടുവീഴ്ചക്കില്ലാതെ സിപിഎമ്മും സിപിഐയും. ഇന്ന് നടന്ന ചര്‍ച്ച പരാജയപ്പെട്ടു. സിപിഐ ആവശ്യപ്പെടുന്ന പദവി നൽകാനാകില്ലെന്ന് സിപിഎം വ്യക്തമാക്കി. എന്നാൽ, ഇതുവരെ എൽഡിഎഫ് നിയമസഭാ കക്ഷിയോഗം ചേരാനായിട്ടില്ലെന്നും അതിനാല്‍ പിന്നോട്ട് പോകേണ്ടെന്നുമാണ് സിപിഐ നിലപാട്. ചർച്ച വിജയിച്ചില്ലെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് വ്യക്തമാക്കി. എല്‍ഡിഎഫിൽ സിപിഐ കൊടുക്കുന്ന പ്രാധാന്യം സിപിഎമ്മും കൊടുക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു. മുന്നണിയുടെ മുന്നോട്ടുള്ള നല്ല നീക്കത്തിന് സിപിഐ ഒപ്പമുണ്ട്. സിപിഎമ്മും ആ നിലപാട് സ്വീകരിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. എന്തുകൊണ്ട് പദവി നൽകില്ലെന്ന് സിപിഎം പറയട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.
നിയമസഭയില്‍ എല്‍ഡിഎഫിന് ഇത്തവണ ആകെ 35 എംഎൽഎമാരാണ് ഉള്ളത്. സിപിഎമ്മിന് 26, സിപിഐക്ക് 8, ആർജെഡി ഒന്ന്. സമീപകാലത്തെ ഏറ്റവും ശുഷ്കമായ പ്രതിപക്ഷ നിരയാണ് ഇത്തവണത്തേത്. ഇടതുമുന്നണിയിൽ സിപിഐക്ക് മാന്യമായ പദവി വേണമെന്നാണ് ഉയരുന്ന ആവശ്യം. കെ രാജനെ പ്രതിപക്ഷ ഉപനേതാവാക്കണമെന്നും ഇതിൽ വ്യക്തതയില്ലാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കരുതെന്നാണ് സിപിഐ നിലപാട്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം വന്ന് തൊട്ട് പിന്നാലെ സിപിഐ ഉന്നയിക്കുന്ന ആവശ്യം സിപിഎം കേട്ട ഭാവം നടിച്ചിട്ടില്ല. പദവി കിട്ടിയില്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് സിപിഐ നേതൃത്വം നിലപാടെടുക്കുമ്പോഴാണ് സിപിഎം കടുപ്പിക്കുന്നത്. എൽഡിഎഫിനകത്ത് ആവശ്യപ്പെടേണ്ട കാര്യം ബിനോയ് വിശ്വം പരസ്യമായി പറഞ്ഞതിനെ കൺവീനർ തന്നെ നേരത്തേ തള്ളിപ്പറഞ്ഞിരുന്നു.
കെ എൻ ബാലഗോപാലാണ് ഇപ്പോൾ പ്രതിപക്ഷ നിരയിലെ രണ്ടാമനായിരിക്കുന്നത്. നിയമസഭയില്‍ ആദ്യ അടിയന്തര പ്രമേയം അവതരിപ്പിച്ചതും ബാലഗോപാലാണ്. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത കാര്യം പോലും സിപിഐയോട് ചർച്ച ചെയ്തിരുന്നില്ല. ഇത്ര ദിവസമായിട്ടും എഡിഎഫ് പാർലമെൻ്ററി പാർട്ടിയോഗം ചേർന്നിട്ടില്ല. നന്ദിപ്രമേയ ചർച്ചക്ക് മുമ്പെങ്കിലും യോഗം ചേരണമെങ്കിൽ ഇതിൽ തീരുമാനം വേണം. പി എം ശ്രീ അടക്കം വിഷയങ്ങളിൽ സിപിഐ ഉന്നയിച്ച ആവശ്യങ്ങൾ വിവാദമുണ്ടാക്കിയിരുന്നു. അന്ന് മുതലേ സിപിഎം സിപിഐ ബന്ധം അത്ര സുഖകരമല്ല. കനത്ത തോൽവിക്ക് ശേഷം ഇത്തരം ആവശ്യങ്ങളൊന്നും പരിഗണിക്കേണ്ടെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്.

