സിപിഎം സെക്രട്ടേറിയേറ്റിന്റെ നിർദ്ദേശം അംഗീകരിക്കാൻ സർക്കാർ തയ്യാറാകുമോ, മന്ത്രിതല ചർച്ചയിൽ ആരൊക്കെ ഉണ്ടാകും എന്നീ കാര്യങ്ങളാണ് ഇനി അറിയേണ്ടത്.

തിരുവനന്തപുരം: ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിവരുന്ന സമരത്തിൽ ചർച്ച വേണമെന്ന ആവശ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. സർക്കാർ നിയമനവുമായി ബന്ധപ്പെട്ട് ഇതുവരെ കൈക്കൊണ്ട നടപടികൾ ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്തണമെന്ന് ഇന്ന് ചേർന്ന സെക്രട്ടേറിയേറ്റ് യോഗം നിർദ്ദേശിച്ചു. ചർച്ച നടത്തില്ലെന്ന തീരുമാനം തെറ്റിദ്ധാരണയുണ്ടാക്കും. പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നും യോഗം വിലയിരുത്തി. സിപിഎം സെക്രട്ടേറിയേറ്റിന്റെ നിർദ്ദേശം അംഗീകരിക്കാൻ സർക്കാർ തയ്യാറാകുമോ, മന്ത്രിതല ചർച്ചയിൽ ആരൊക്കെ ഉണ്ടാകും എന്നീ കാര്യങ്ങളാണ് ഇനി അറിയേണ്ടത്.

സിപിഎമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സമരം ചെയ്യുന്ന സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പറഞ്ഞു. തീരുമാനം വൈകിയെങ്കിലും ഈ തീരുമാനം പ്രതീക്ഷയാണ്. അനുകൂലമായ തീരുമാനം ഉണ്ടാകാനുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾക്കുണ്ട്. സിപിഎമ്മിന്റെ ശ്രദ്ധയിലേക്ക് ഇത് കൊണ്ടുവരാൻ സമരത്തിലൂടെ സാധിച്ചു. 13 ദിവസത്തെ അധ്വാനമാണ് ഈ ഫലത്തിലേക്ക് എത്തിച്ചതെന്നും റാങ്ക് ജേതാക്കൾ പറഞ്ഞു.