സ്ഥാനാർത്ഥിത്വം ചില ജില്ലാ നേതാക്കൾ നേരത്തെ സ്വയം ഉറപ്പിച്ചു പ്രവർത്തിച്ചുവെന്നും നേതൃത്വം പ്രഖ്യാപിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയ ഇവർക്ക് ഉൾകൊള്ളാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മലപ്പുറം: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ(Assembly Election) തോല്‍വി സിപിഎമ്മില്‍(CPM) വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിലെ ശക്തികേന്ദ്രങ്ങളില്‍ പോലും വോട്ടുകുറഞ്ഞത് സംഘടനാ ദൗർബല്യമെന്ന് സിപിഎം റിപ്പോര്‍ട്ട്. പെരിന്തൽമണ്ണയിലെ(Perinthalmanna Election) ചില നേതാക്കൾ പാർലമെന്‍ററി വ്യാമോഹത്തിന് അടിമപ്പെട്ടെന്നും മലപ്പുറം സി.പി.എം സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടില്‍ വിമര്‍ശനം. 

സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെപിഎം മുസ്തഫയുടെ തോല്‍വിക്ക് കാരണം ജില്ലയിലെ ചില നേതാക്കളുടെ വ്യക്തി താല്‍പ്പര്യങ്ങള്‍കൊണ്ടാണെന്നാണ് റിപ്പോര്‍ട്ടിലെ വിമര്‍ശനം. സ്ഥാനാർത്ഥിത്വം ചില ജില്ലാ നേതാക്കൾ നേരത്തെ സ്വയം ഉറപ്പിച്ചു പ്രവർത്തിച്ചുവെന്നും നേതൃത്വം പ്രഖ്യാപിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയ ഇവർക്ക് ഉൾകൊള്ളാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്സഭ ഉപതെരെഞ്ഞടുപ്പിൽ ഇടതു സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ടുകൾ പല ബൂത്തിലും നിയമസഭാ സ്ഥാനാർത്ഥിക്ക് കിട്ടിയില്ല. പെരിന്തൽമണ്ണയിലെ ചില നേതാക്കൾ പാർലമെന്‍ററി വ്യാമോഹത്തിന് അടിമപെട്ടെന്നും അച്ചടക്ക നടപടിക്ക് വിധേയരായവർ തെറ്റുതിരുത്തണമെന്നും പ്രവർത്തന റിപ്പോർട്ടില്‍ പറയുന്നു.

നിയമസഭ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിലെ തോൽവിക്ക് കാരണം ആത്മാര്‍ഥതയില്ലാത്ത പ്രവര്‍ത്തനമാണന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജില്ലയിലെ പ്രധാന നേതാക്കന്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. സി.പി.എം സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച കെ.പി.എം മുസ്തഫ 38 വോട്ടിനാണ് പരാജയപ്പെട്ടത്. നേതാക്കള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ 38 വോട്ടിന്‍റെ പരാജയമുണ്ടാവില്ലെന്നാണ് അന്വേഷണ കമ്മീഷനും റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.