മുസ്ലീം ലീഗ് മുന്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് കൂടിയായ കുന്നത്ത് മുഹമ്മദിന് ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലുള്ള ബന്ധം ഗുണകരമാകുമെന്നാണ് ഇടതു മുന്നണിയുടെ കണക്കുകൂട്ടല്‍.

മലപ്പുറം: പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് മങ്കടയില്‍ മുസ്ലീം ലീഗ് വിമതനായ സ്വതന്ത്രനെ പിന്തുണക്കാനുള്ള സിപിഎം നീക്കം ലീഗ് വോട്ടില്‍ വിള്ളലുണ്ടാക്കാമെന്ന പ്രതീക്ഷയില്‍. മുസ്ലീം ലീഗ് മുന്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് കൂടിയായ കുന്നത്ത് മുഹമ്മദിന് ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലുള്ള ബന്ധം ഗുണകരമാകുമെന്നാണ് ഇടതു മുന്നണിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതിനെ തുടര്‍ന്ന് സിപിഎം അണികള്‍ക്കിടയിലുണ്ടായ അതൃപ്തി ഇടതു മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് യു‍‍ഡിഎഫ് നേതൃത്വം പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

സിപിഎം നേതൃത്വം മങ്കടയില്‍ സ്ഥാനാര്‍ത്ഥിയായി ആദ്യം പ്രഖ്യാപിച്ചത് ജില്ലാ കമ്മറ്റിയംഗം എം പി അലവിയെ. പ്രഖ്യാപനം കഴിഞ്ഞെങ്കിലും ലീഗ് തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലത്തില്‍ ഇതിലും മികച്ചയൊരു സ്ഥാനാര്‍ത്ഥിയുണ്ടോയെന്ന സിപിഎം അന്വേഷണം സമാന്തരമായി നടക്കുന്നതിനാല്‍ അലവി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. ഇതിനിടയിലാണ് മഞ്ഞളാം കുഴി അലിയുടെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ലീഗിലുണ്ടായ പടലപ്പിണക്കത്തിന് പിന്നാലെ നിയോജക മണ്ഡലം പ്രസിഡന്‍റ് കുന്നത്ത് മുഹമ്മദ് പാര്‍ട്ടിയോട് സലാം പറഞ്ഞത്. സ്വതന്ത്രനായി പത്രിക നല്‍കിയതിന് പിന്നാലെ ഇടതു മുന്നണിയുടെ പിന്തുണ മുഹമ്മദ് അഭ്യര്‍ത്ഥിച്ചിരുന്നു. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരില്‍ നിന്നാണ് ബന്ധുകൂടിയായ മുഹമ്മദ് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം സ്വീകരിച്ചത്. ലീഗിലെ അതൃപ്തരുടെ വോട്ട് സമാഹരിക്കാനുള്ള എളുപ്പവഴിയെന്ന നിലയില്‍ മറ്റൊന്നും ചിന്തിക്കാതെ സിപിഎം മുഹമ്മദിന് കൈകൊടുത്തു.

മങ്കട മണ്ഡലത്തിലെ പ്രമുഖ ലീഗ് കുടുംബാംഗമായ മുഹമ്മദിനെ ഒപ്പം കൂട്ടിയാല്‍ അതു ഗുണം ചെയ്യുമെന്ന പ്രതീക്ഷ തന്നെയാണ് സിപിഎമ്മിനുള്ളത്. 6246 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിച്ച് കയറിയ മങ്കടയില്‍ മികച്ച പോരാട്ടം കാഴ്ച വെക്കാനാകുമെന്നും സിപിഎം കണക്കു കൂട്ടുന്നു. അലിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉള്ളില്‍ അമര്‍ഷമുള്ള പല ലീഗ് പ്രാദേശിക നേതാക്കളുടെയും രഹസ്യ പിന്തുണ മുഹമ്മദിനുണ്ടെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ കുന്നത്ത് മുഹമ്മദിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഒരു വെല്ലുവിളിയും സൃഷ്ടിക്കില്ലെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. ഒപ്പം നിന്ന അലവിയെ മാറ്റി ഇതു വരെ രാഷ്ട്രീയ എതിരാളിയായിരുന്ന കുന്നത്ത് മുഹമ്മദിനെ പിന്തുണക്കുന്നതില്‍ സിപിഎമ്മിനുള്ളിലും എതിര്‍പ്പുണ്ട്. ഇത് ഇടതു മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് യു‍ഡിഎഫ് പ്രതീക്ഷ.

YouTube video player