Asianet News MalayalamAsianet News Malayalam

കരുവന്നൂർ വായ്പാ തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞു; ബ്രാഞ്ച് കമ്മിറ്റി വിഷയം ചർച്ച ചെയ്തതിന്‍റെ ശബ്ദരേഖ പുറത്ത്

2018 ഡിസംബർ 8ന് മാടായിക്കോണം ബ്രാഞ്ച് വിഷയം ചർച്ച ചെയ്തു. പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജു മാസ്റ്ററാണ് വിമർശനം ഉന്നയിച്ചത്. തട്ടിപ്പ് നടക്കുന്നതിൽ തനിക്ക് പങ്കില്ലെന്ന് ഭരണസമിതി പ്രസിഡന്‍റ് യോഗത്തിൽ വിശദീകരിക്കുന്നതും ശബ്ദരേഖയിലുണ്ട്

cpm had knowledge aboubt Karuvannur bank scam audio clip of meeting discussing issue out
Author
Karuvannur, First Published Aug 7, 2021, 9:54 AM IST

തൃശ്ശൂ‌‍ർ: കരുവന്നൂർ വായ്പാ തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞില്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന തെളിവുകൾ പുറത്ത്. 2018 ഡിസംബർ 8ന് മാടായിക്കോണം ബ്രാഞ്ച് വിഷയം ചർച്ച ചെയ്തു. ബാങ്ക് ഭരണസമിതി പ്രസിഡന്‍റ് കൂടി അംഗമായ ബ്രാഞ്ചിൽ ഇയാളുടെ സാന്നിദ്ധ്യത്തിലാണ് വിമർശനം ഉയർന്നത്. ബ്രാഞ്ച് കമ്മിറ്റി യോഗത്തിന്റെ ഓഡിയോ ക്ലിപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. 

പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജു മാസ്റ്ററാണ് വിമർശനം ഉന്നയിച്ചത്. തട്ടിപ്പ് നടക്കുന്നതിൽ തനിക്ക് പങ്കില്ലെന്ന് പ്രസിഡന്‍റ് യോഗത്തിൽ വിശദീകരിക്കുന്നതും ശബ്ദരേഖയിലുണ്ട്. ബിനാമി ലോണുകളും പരിധിക്ക് കൂടുതൽ ലോണ് കൊടുക്കുന്നതിനെതിരെയും രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. അ‍ഞ്ചു ആറും ലോണുകൾ ഒരേ വസ്തുവിന്മേൽ നൽകുന്നുണ്ടെന്നും ഉടമസ്ഥർ അറിയാതെയാണ് ഇതൊക്കെ നടക്കുന്നതെന്നും യോഗത്തിൽ വിമർശിക്കുന്നുണ്ട്. ബിനാമി ലോണുകൾ പുതുക്കേണ്ടതില്ല എന്ന തീരുമാനവും ലംഘിച്ചതായി പറയുന്നത് കേൾക്കാം. 

ച‍‌‌ർച്ച നടന്നതായി രാജുമാസ്റ്റ‍ർ‌ ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്ത് വായ്പകൾ നൽകരുതെന്നും നൽകിയ വായ്പകൾ തിരിച്ചു പിടിക്കണമെന്ന് പാർട്ടി ഭരണസമിതിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് രാജുമാസ്റ്ററിന്റെ വിശദീകരണം. ഒരു വായ്പ തിരിച്ചു പിടിക്കാൻ ചെന്ന വനിതാ ഭരണ സമിതി അംഗത്തെ വീട്ടുകാർ പൂട്ടിയിട്ട സാഹചര്യമുണ്ടായപ്പോഴാണ് വിഷയം ച‍‌‌‌‌‌‌‌ര്‍ച്ചയായത്. 

ബാങ്കിലെ തട്ടിപ്പിനെ കുറിച്ച് പാർട്ടി നേരത്തെ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞ ഉടൻ നടപടി സ്വീകരിച്ചുവെന്നായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിൻ്റെ വിശദീകരണം. പരാതികൾ വ്യാപകമായതോടെ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത് 2020 ജനുവരിയിൽ മാത്രമാണ്. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത് ഒന്നര മാസം മുമ്പും. വളരെ നേരത്തെ അറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിൽ കടുത്ത അമർഷമാണ് കരുവന്നൂരിലെ ഒരു വിഭാഗം സിപിഎം നേതാക്കൾക്കുള്ളത്. അന്നേ ഇടപെട്ടിരുന്നെകിൽ തട്ടിപ്പിൻ്റെ വ്യാപ്തി ഇത്ര കൂടില്ലായിരുന്നുവെന്നും വിലയിരുത്തലുണ്ട്.

Follow Us:
Download App:
  • android
  • ios