Asianet News MalayalamAsianet News Malayalam

കൂടത്തായി കേസിൽ വീണ്ടും അറസ്റ്റ്: മുൻ സിപിഎം നേതാവ് മനോജ് പിടിയിൽ

വ്യാജ ഒസ്യത്ത് നിർമിക്കാൻ ജോളിയെ സഹായിച്ചതിന്‍റെ പേരിലാണ് സിപിഎം പ്രാദേശിക നേതാവായിരുന്ന മനോജിനെ കേസിൽ പ്രതി ചേർത്തത്. എന്നാൽ തനിക്ക് ജോളിയുമായി ഒരു ബന്ധവുമില്ലെന്നാണ് മനോജ് പറയുന്നത്.

cpm leader manoj arrested in koodathayi murder   case for alleged links with jolly
Author
Koodathai, First Published Nov 22, 2019, 6:21 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ്. സിപിഎം നേതാവായിരുന്ന മനോജിനെയാണ് വ്യാജവിൽപ്പത്രക്കേസിൽ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒസ്യത്ത് വ്യാജമായി നിർമിക്കാൻ മുഖ്യപ്രതി ജോളിയെ സഹായിച്ചതിനാണ് അന്വേഷണസംഘം മനോജിനെ കേസിൽ പ്രതി ചേർത്തിരുന്നത്. മനോജിനെ സിപിഎം പുറത്താക്കിയിരുന്നു.

എൻഐടിയ്ക്ക് അടുത്ത് കട്ടാങ്ങലിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു മനോജ്. പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയെന്ന് കാട്ടി സിപിഎം മനോജിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. പണം വാങ്ങി വ്യാജ ഒസ്യത്തിൽ ഒപ്പിട്ടു കൊടുത്തു എന്നാണ് മനോജിനെതിരെ ഉയർന്ന ആരോപണം.

എന്നാൽ, ജോളി തന്നെ ചതിച്ചതാണെന്നാണ് സിപിഎം പ്രാദേശിക നേതാവ് മനോജ് നേരത്തേ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയാണ് ഒപ്പിടാൻ വിളിച്ചതെന്ന് തനിയ്ക്ക് അറിയില്ലായിരുന്നു. താൻ ഒപ്പിട്ടത് മുദ്രപത്രത്തിലൊന്നുമല്ല, വെറും വെള്ളക്കടലാസിലാണ്. എൻഐടി ലക്ചററാണ് എന്ന് ജോളി സ്വയം പരിചയപ്പെടുത്തിയിരുന്നു. നാട്ടിലെല്ലാവരും പറഞ്ഞിരുന്നത് അവർ എൻഐടി അധ്യാപികയാണെന്ന് തന്നെയാണ്. 

2007-ൽ ആദ്യ ഭർത്താവ് റോയിക്കും മക്കൾക്കും ഒപ്പം ജോളി സ്ഥലം നോക്കാൻ എൻഐടിയ്ക്ക് അടുത്ത് വന്നിരുന്നു. അങ്ങനെയാണ് ജോളിയെ ആദ്യം പരിചയപ്പെടുന്നതെന്നും മറ്റ് ഒരു പരിചയവുമില്ലെന്നും മനോജ് പറഞ്ഞു.

എന്താണ് ആരോപണം?

ജോളിയിൽ നിന്ന് പണം വാങ്ങി വ്യാജ ഒസ്യത്തിൽ ഒപ്പുവച്ചു എന്നതാണ് മനോജിനെതിരെ ഉയർന്ന ആരോപണം. ഈ സാഹചര്യത്തിലാണ് മനോജ് പാർട്ടി നടപടി നേരിട്ടതും. 

ഒസ്യത്തിൽ മനോജിന്‍റെ കൂടെ ഒപ്പുവച്ചതായി കാണപ്പെടുന്ന എൻഐടിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മഹേഷ് അത് തന്‍റെ ഒപ്പല്ലെന്നാണ് വെളിപ്പെടുത്തിയത്. അത് താൻ തന്നെയാണ് ഒപ്പിട്ടതെന്ന് പറയാൻ മനോജ് പറഞ്ഞതായും, രാഷ്ട്രീയനേതാവ് പറയുന്നതല്ലേ എന്ന് കരുതി ആദ്യം പൊലീസിനോട് അങ്ങനെ പറഞ്ഞതായും മഹേഷ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ അതല്ലെന്നും തനിയ്ക്ക് ജോളിയെ പരിചയം പോലുമില്ലെന്നുമാണ് മഹേഷ് ഇപ്പോൾ പറയുന്നത്. 
 

Follow Us:
Download App:
  • android
  • ios