കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര മല്‍സ്യ ചന്തയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎം ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് സിപിഎം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന  അഞ്ച് പേര്‍ മല്‍സ്യവില്‍പനയ്ക്ക് എത്തിയതോടെയാണ്  തര്‍ക്കം തുടങ്ങിയത്. 

മീന്‍ വില്‍ക്കാനെത്തിയവരെ ലീഗ് പ്രവര്‍ത്തകര്‍ കച്ചവടം നടത്താന്‍ അനുവദിച്ചിച്ചില്ല.  തുടര്‍ന്ന്   പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍  കൂട്ടമായെത്തി  മാര്‍ക്കറ്റിലുള്ളവരെ  മര്‍ദ്ദിക്കുകയായിരുന്നു. ലീഗ് പ്രവര്‍ത്തകരും തിരിച്ചടിച്ചു.

സംഘര്‍ഷത്തില്‍ 15ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പ്രദേശം പൊലീസ് നിരീക്ഷണത്തിലാണ്. യുഡിഎഫ് പേരാമ്പ്ര ടൗണില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.