സിപിഎം ദേശീയ നിലപാട് കേരളം ദുർബലപ്പെടുത്തി. പീപ്പിൾ ഡെമോക്രസിയിൽ കിസാൻ സഭാ നേതാവ് അശോക് ധാവ്ളെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയിരുന്നു. ബുള്ളറ്റ് ട്രെയിനിനെതിരെ മഹാരാഷ്ട്രയിൽ വലിയ പ്രതിഷേധങ്ങളും സംഘടിപ്പിച്ചതാണ്. ആ പാർട്ടി കേരളത്തിലേക്കെത്തുമ്പോൾ എന്തുകൊണ്ട് അതിവേ​ഗ പാതയെ പിന്തുണയ്ക്കുന്നു എന്ന് ചോദ്യമുയർന്നു

പത്തനംതിട്ട: സിൽവർ ലൈൻ പദ്ധതിക്കെതിരെ (K Rail ) സിപിഎം (CPM) പത്തനംതിട്ട (Pathanamthitta) ജില്ലാ സമ്മേളനത്തിൽ വിമർശനം. നന്ദി​ഗ്രാം, ബം​ഗാൾ അനുഭവങ്ങൾ മറക്കരുത് എന്നായിരുന്നു വിമർശനങ്ങളിൽ ഒന്ന്. പരിസ്ഥിതി വിഷയങ്ങളിൽ മുതലാളിത്ത സമീപനമാണ് പാർട്ടിക്കെന്നും മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയിൽ നിന്ന് വിമർശനമുയർന്നു. 

സിപിഎം ദേശീയ നിലപാട് കേരളം ദുർബലപ്പെടുത്തി. പീപ്പിൾ ഡെമോക്രസിയിൽ കിസാൻ സഭാ നേതാവ് അശോക് ധാവ്ളെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയിരുന്നു. ബുള്ളറ്റ് ട്രെയിനിനെതിരെ മഹാരാഷ്ട്രയിൽ വലിയ പ്രതിഷേധങ്ങളും സംഘടിപ്പിച്ചതാണ്. ആ പാർട്ടി കേരളത്തിലേക്കെത്തുമ്പോൾ എന്തുകൊണ്ട് അതിവേ​ഗ പാതയെ പിന്തുണയ്ക്കുന്നു എന്ന് ചോദ്യമുയർന്നു. സിപിഎമ്മിൽ ഇതാദ്യമായാണ് ജില്ലാ സമ്മേളനത്തിൽ കെ റെയിൽ പദ്ധതിക്കെതിരെ വിമർശനം ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്. 

സിപിഐക്കുള്ളിൽ നിന്ന് ഭിന്നത ഉയർന്നിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് എതിർപ്പറിയിച്ചിരുന്നു. 

വിവാഹ പ്രായത്തിലെ നിലപാടിലും വിമർശനം

വിവാഹ പ്രായത്തിലെ സിപിഎം നിലപാട് സംബന്ധിച്ചും വിമർശനം ഉയർന്നു. 18 വയസിനെ പാർട്ടി പിന്തുണക്കുന്നത് സ്ത്രീകൾ പോലും അനുകൂലിക്കില്ല. പുരോഗമനം പറയുമ്പോൾ ഈ നിലപാട് തിരിച്ചടിയാകുമെന്നും തിരുവല്ല, പെരിനാട് ഏരിയാ കമ്മിറ്റികളിൽ നിന്ന് വിമർശനം ഉയർന്നു. 

സിപിഐക്കെതിരെയും വിമർശനം

പത്തനംതിട്ടയിലെ സി പി ഐ നേതൃത്വം ശത്രുത മനോഭാവത്തോടെയാണ് സി പി എമ്മിനെ കാണുന്നതെന്ന് അഭിപ്രായം ഉയർന്നു. അടൂരിൽ ചിറ്റയം ഗോപകുമാർ എങ്ങനെയാണ് ജയിച്ചത് എന്ന് സിപിഐ ഓർക്കണമെന്നും വിമർശനം ഉണ്ടായി. 

വിഭാഗീയ പ്രവർത്തനങ്ങളുടെ അവശിഷ്ടം നിലനിൽക്കുന്നുവെന്ന സംഘടന റിപ്പോർട്ടിനും ജില്ലാ സമ്മേളനത്തിൽ മറുപടി ഉണ്ടായി. വിഭാഗീയത നിലനിൽക്കുന്ന ഏരിയ കമ്മിറ്റികളിൽ അത് പരിഹരിക്കാൻ ഉപരി കമ്മിറ്റി എന്ത് ചെയ്തുവെന്ന് പ്രതിനിധികൾ ചോദിച്ചു. വിഭാഗീയത നിലനിൽക്കുന്നെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ടായ തിരുവല്ല ഏരിയ കമ്മിറ്റിയിൽ നിന്നാണ് നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നത്.