പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ. സതീശൻ സർക്കാർ ഇഡി ഏജൻ്റാകരുതെന്നും പിണറായിക്കെതിരായ ഇഡിയുടെ നടപടി രാഷ്ട്രീയ വേട്ടയാടലാണെന്നും പിബി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ദില്ലി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ. സതീശൻ സർക്കാർ ഇഡി ഏജൻ്റാകരുതെന്നും പിണറായിക്കെതിരായ ഇഡിയുടെ നടപടി രാഷ്ട്രീയ വേട്ടയാടലാണെന്നും ആരോപിച്ച പിബി കേസെടുക്കരുതെന്ന് കേരള സർക്കാരിന് മുന്നറിയിപ്പും നൽകി. കേസെടുത്താൽ എല്ലാ ശക്തിയുമുപയോ​ഗിച്ച് പാർട്ടി ചെറുക്കുമെന്നും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പിബി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അതേസമയം, പിണറായി വിജയനെ ഇഡിയെ കാട്ടി ഭയപ്പെടുത്താമെന്ന് കരുതിയെങ്കിൽ തെറ്റിയെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചു. മൂന്ന് കോടതികൾ തള്ളിയ കേസാണിത്. കേന്ദ്ര ഏജൻസികളെ മോദി സർക്കാർ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നത് പകൽ പോലെ സത്യമാണ്. മൂന്ന് പ്രാവശ്യം കോടതി തള്ളിയ കേസ് കോൺഗ്രസിനെ കൊണ്ട് എടുപ്പിക്കാനാണ് ഇഡി നീക്കമെന്നും എം എ ബേബി പറഞ്ഞു. ഇതിന് തയാറെന്ന സൂചന ഇതിനകം കെപിസിസി അധ്യക്ഷൻ നൽകിക്കഴിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ആരൊക്കെ തമ്മിലാണ് ഡീലെന്ന് വ്യക്തമാകുകയാണ്. കെപിസിസി പ്രസിഡൻ്റ് ഇഡി നടപടിയെ പിന്തുണച്ചത് ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. രാഹുലിനെതിരെ അടക്കമുള്ള ഇഡി കേസുകൾക്ക് എതിരായ കോൺഗ്രസാണ് ഈ കേസ് ഉയർത്തി കാട്ടുന്നതെന്നും കോൺ​ഗ്രസിന് ഇരട്ടത്താപ്പ് ആണെന്നും അദ്ദേഹം ആരോപിച്ചു.