ദില്ലി: സ്വർണ്ണക്കടത്തു കേസിൽ പ്രതി ചേർക്കപ്പെട്ട സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനം സംബന്ധിച്ച് സംസ്ഥാനതലത്തിൽ അന്വേഷണം നടക്കുമെന്ന് സിപിഎം. നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കണമെന്ന് സിപിഎമ്മിൽ ധാരണയായെന്നാണ് സൂചന. സംസ്ഥാന സർക്കാർ ഉടൻ തന്നെ അന്വഷണത്തിന് ഉത്തരവിടുമെന്നും സൂചനയുണ്ട്.

സ്വർണ്ണക്കടത്തുകേസിൽ എന്തൊക്കെ അന്വേഷിക്കണമെന്ന് എൻഐഎ തീരുമാനിക്കട്ടെ എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. ആരെക്കുറിച്ചൊക്കെ അന്വേഷിക്കണം എന്ന് എൻഐഎ തീരുമാനിക്കട്ടെ. സർക്കാരിനോ പാർട്ടിക്കോ ഒന്നും മറയ്ക്കാനില്ല. എൻഐഎയുടെ അന്വേഷണപരിധി എന്തെന്ന് പാർട്ടി നിലപാടെടുക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കും അന്വേഷിക്കണോ എന്നത് കേന്ദ്ര ഏജൻസിയാണ് തീരുമാനിക്കേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.