തിരുവനന്തപുരം: വട്ടിയൂര്‍കാവിലെ വമ്പന്‍ വിജയത്തിന് പിന്നാലെ തിരുവനന്തപുരം സര്‍ക്കിൾ സഹകരണ യൂണിയന്റെ സഹകരണ വാരാഘോഷ പരിപാടിയിലെ ഉദ്ഘാടക സ്ഥാനത്ത് നിന്ന്  ഒഴിവാക്കിയത് പാര്‍ട്ടിയുടെ വെട്ടിനിരത്താലാണെന്ന ആരോപണം നിഷേധിച്ച് എംഎൽഎ  വികെ പ്രശാന്ത്. ആര്‍എസ്എസ് ഡിവൈഎഫ്ഐ സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ച മണ്ഡല പര്യടനം കാരണമാണ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മാറേണ്ടി വന്നത്. സഹകരണ യൂണിയൻ വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തേക്കാൾ പ്രധാനം പാര്‍ട്ടി പരിപാടിയാണെന്നാണ് തന്‍റെ എളിയ അഭിപ്രായമെന്നും അത് തന്നെയാണ് പാര്‍ട്ടിയുടേയും അഭിപ്രായമെന്നും വികെ പ്രശാന്ത് പറഞ്ഞു.  

സിപിഎം ആധിപത്യമുള്ള സഹകരണ യൂണിയനിൽ ഉദ്ഘാടന സ്ഥാനത്ത് നിന്ന് അവസാന നിമിഷം ഉദ്ഘാടകനെ മാറ്റിയതിന് പിന്നിൽ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. അവസാന നിമിഷം ഉദ്ഘാടകൻ മാറിയ സാഹചര്യത്തിൽ ആദ്യമിറക്കിയ നോട്ടീസ് അടക്കം സംഘാടകര്‍ മാറ്റി ഇറക്കുകയും ചെയ്തിരുന്നു. വികെ പ്രശാന്തിന് പകരം കാട്ടാക്കട എംഎൽഎ ഐബി സതീഷിനെയാണ് പിന്നീട് താലൂക്ക് തല ഉദ്ഘാടകനായി എത്തിച്ചത്. 

അതേ സമയം വികെ പ്രശാന്തിന് മണ്ഡല പര്യടനത്തിന്‍റെ തിരക്കായതിനാലാണ് അവസാന നിമിഷം ഉദ്ഘാടകനെ മാറ്റിയതെന്നാണ് സംഘാടകരുടെയും വിശദീകരണം