തിരുവനന്തപുരം: സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരായ പാര്‍ട്ടി നടപടി സംസ്ഥാന നേതൃത്വം അംഗീകരിച്ചു. സക്കീർ ഹുസൈനെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത ജില്ലാ കമ്മിറ്റിയുടെ തീരുമാനമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ശരിവെച്ചത്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി. പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സക്കീർ ഹുസൈന് നാല് വീടുകളുണ്ടെന്നും ഈ വീടുകളുണ്ടാക്കാനുള്ള പണവും സ്വത്തും ക്രമക്കേടുകളിലൂടെയാണ് സമ്പാദിച്ചത് എന്നുമായിരുന്നു ഉയര്‍ന്ന പരാതി. ജില്ലാ കമ്മിറ്റിയാണ് സക്കീർ ഹുസൈനെതിരെ അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചത്. സി എം ദിനേശ് മണി, പി ആർ മുരളി എന്നിവർക്കായിരുന്നു അന്വേഷണ ചുമതല. പരാതിയിൽ സക്കീർ ഹുസൈൻ പാർട്ടിക്ക് വിശദീകരണം നൽകുകയും ചെയ്തിരുന്നു. രണ്ട് വീടുകളാണ് തനിക്ക് ഉള്ളതെന്നും ഭാര്യയ്ക്ക് ഉയർന്ന ശമ്പളമുള്ളത് കൊണ്ട് നികുതി ഒഴിവാക്കാനാണ് ലോൺ എടുത്ത് രണ്ടാമത്തെ വീട് വാങ്ങിയത് എന്നുമാണ് സക്കീർ ഹുസൈൻ പാർട്ടിക്ക് നൽകിയ വിശദീകരണം.

ക്വട്ടേഷനെന്ന പേരിൽ വ്യവസായിയെ ഭീഷണിപ്പെടുത്തൽ, പ്രളയഫണ്ട് തട്ടിപ്പ്, അനധികൃതസ്വത്ത് സമ്പാദനം, സ്ഥലം എസ്ഐയെ ഭീഷണിപ്പെടുത്തൽ, ലോക്ക്ഡൗൺ ലംഘിച്ച് യാത്ര ചെയ്യുന്നതിനിടെ തടഞ്ഞ പൊലീസുകാർക്ക് നേരെ തട്ടിക്കയറൽ ഇങ്ങനെ നിരവധി വിവാദങ്ങൾ നേരിടുകയും ആരോപണവിധേയനാവുകയും ചെയ്തയാളാണ് സക്കീർ ഹുസൈൻ. പ്രളയ ഫണ്ട് തട്ടിപ്പിലും സക്കീർ ഹുസൈനെതിരെ പാർട്ടി അന്വേഷണം തുടരുകയാണ്. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ക്വട്ടേഷനെന്ന പേരിൽ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇതിന് മുമ്പ് സക്കീർ ഹുസൈനെതിരെ പാർട്ടി അന്വേഷണം നടത്തിയത്.