Asianet News MalayalamAsianet News Malayalam

എറണാകുളം സിപിഎമ്മില്‍ കൂട്ട നടപടി; 12 നേതാക്കളെ ഒരുവര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തു

സംസ്ഥാനത്തുണ്ടായ ഇടത് തരംഗത്തിലും എറണാകുളത്ത് പ്രതീക്ഷിച്ച വിജയം സംഭവിക്കാത്തതിന് ചില ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ ഉൾപ്പടെ കാരണമായെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ കണ്ടെത്തൽ.

cpm suspend twelve leaders in ernakulam
Author
Kochi, First Published Sep 28, 2021, 6:32 PM IST

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ എറണാകുളത്ത് (ernakulam) സിപിഎമ്മിൽ (cpm) കടുത്ത നടപടി. ജില്ലാ നേതൃത്വം തരംതാഴ്ത്തിയ ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ ഉൾപ്പടെ 12 പേരെ സംസ്ഥാന നേതാക്കൾ ഇടപെട്ട് സസ്പെന്‍റ് ചെയ്തു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കെ മണിശങ്കറിനെ ഉൾപ്പടെ തരംതാഴ്ത്തിയ നടപടി കുറഞ്ഞുപോയെന്ന വിമർശനത്തിലാണ് ഒരു വർഷത്തെ സസ്പെൻഷൻ. സംസ്ഥാനത്തുണ്ടായ ഇടത് തരംഗത്തിലും എറണാകുളത്ത് പ്രതീക്ഷിച്ച വിജയം സംഭവിക്കാത്തതിന് ചില ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ ഉൾപ്പടെ കാരണമായെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ കണ്ടെത്തൽ.

അച്ചടക്ക നടപടി കുറഞ്ഞുപോയെന്ന ജില്ലയിലെ ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ നടപടി കടുപ്പിച്ചത്. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി കെ മണിശങ്കർ, വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെ ഡി വിൻസെന്‍റ്, പെരുമ്പാവൂരിലെ തോൽവിയിൽ ജില്ല സെക്രട്ടേറിയേറ്റ് അംഗം എൻസി മോഹനൻ, തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് മണ്ഡലം സെക്രട്ടറി സിഎൻ സുന്ദരൻ എന്നിവരെയാണ് ഇപ്പോൾ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെന്‍റ് ചെയ്തിരിക്കുന്നത്. പിറവത്തെ തോൽവിയിൽ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന ഷാജു ജേക്കബ്, കൂത്താട്ടുകുളത്തെ പാർട്ടി ഓഫീസ് സെക്രട്ടറി അരുൺ എന്നിവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ജില്ലാ പ്രാദേശിക വ്യത്യാസമില്ലാതെ സസ്പെൻഷൻ നടപടി ഉറപ്പാക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശം.

Follow Us:
Download App:
  • android
  • ios