തിരുവനന്തപുരം: സ്വർണ്ണക്കടത്തിലും ലൈഫ് മിഷൻ അന്വേഷണത്തിലും വ്യത്യസ്ത തന്ത്രവുമായി സിപിഎം. ലാവ്ലിൻ, പെരിയ കേസ് മാതൃകയിൽ  ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തെ തുറന്നെതിർക്കാനാണ് സിപിഎം തീരുമാനം. അന്വേഷണ നിഴലിൽ ലൈഫ് ചെർമാനായ പിണറായി വിജയനും വൈസ് ചെയർമാനായ എ സി മൊയ്തീനും വരുമെന്നുറപ്പായതോടെയാണ് സിപിഎമ്മിന്‍റെ യുദ്ധ പ്രഖ്യാപനം. സിപിഎം സംസ്ഥാന സമിതി എകെജി സെന്‍ററിൽ തുടരുകയാണ്.

സ്വർണ്ണക്കടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അങ്ങോട്ട് കത്ത് എഴുതി എൻഐഎയെ ഇങ്ങോട്ട് കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. എന്നാൽ ലൈഫ് തട്ടിപ്പിൽ സർക്കാരിനും മേലെ സിബിഐ പറന്നിറങ്ങുമ്പോൾ സിപിഎമ്മും സർക്കാരും ഞെട്ടി. അന്ന് എൻഐഎക്ക് സിപിഎം സ്വാഗതഗീതം പാടിയെങ്കിൽ ഇന്ന് സിബിഐക്ക് നേരെ ആക്ഷപവർഷമാണ്. മടിയിൽ കനമില്ലെന്ന് അരഡസൻ തവണയെങ്കിലും പറഞ്ഞ സിപിഎമ്മാണ് തുടക്കത്തിലെ സിബിഐയെ എതിർക്കുന്നത്. ലൈഫ് തട്ടിപ്പ് അന്വേഷണം യുണിടാക് ഉടമയിൽ നിന്നാണ് തുടങ്ങുന്നതെങ്കിലും അന്വേഷണം സെക്രട്ടേറിയറ്റിലേക്ക് നീളുമെന്നുറപ്പാണ്. 

ലൈഫ് ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ തദ്ദേശ വകുപ്പ് മന്ത്രിയുമാണ്. ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്‍റും ധാരണപത്രം ഒപ്പിട്ട വിവാദമായ മിനിട്സില്ലാ യോഗത്തിന്‍റെ സാക്ഷികളിലൊരാളും മുഖ്യമന്ത്രിയാണ്. സർക്കാർ ഭൂമിയിൽ വിദേശ സഹായം എത്തിയത് മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിലെ ഗ്യാരന്‍റികളുടെ പുറത്താണ്. രണ്ടാം ലാവ്ലിനെന്ന് പ്രതിപക്ഷം വിമർശിക്കുമ്പോൾ ലൈഫിലെ അന്വേഷണ ഗതി എങ്ങനെയെന്ന ബോധ്യം സിപിഎമ്മിനുണ്ട്.അപടകം മുന്നിൽ കണ്ടാണ് സിബിഐക്ക് നേർക്ക് ഒരുമുഴം മുന്നെ സിപിഎം കോലെറിയുന്നത്.

കോണ്‍ഗ്രസ്- ലീഗ്- ബിജെപി ചങ്ങാത്തം ആരോപിച്ച് ബംഗാൾ മോഡൽ അട്ടിമറിക്ക് കളമൊരുങ്ങുന്നുവെന്ന  പ്രചരണത്തിനും ലൈഫിലെ സിബിഐ അന്വേഷണം സിപിഎം ആയുധമാക്കും. തട്ടിപ്പ് കണ്ടെത്താനാണ് അന്വേഷണമെങ്കിലും ലൈഫ് പദ്ധതിയെ തകർക്കാൻ നീക്കമെന്ന പ്രചാരണത്തിനാകും ഊന്നൽ. സിപിഎമ്മിന്‍റെ എൻഐഎ പ്രിയവും സിബിഐ അപ്രിയവും പ്രതിപക്ഷത്തെയും സായുധരാക്കുന്നു.