Asianet News MalayalamAsianet News Malayalam

ലോക്സഭയിലേക്ക് ദയനീയ തോല്‍വി ആവര്‍ത്തിക്കാതിരിക്കാന്‍ സിപിഎം, ജനപ്രിയ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാന്‍ ആലോചന

കെകെ ശൈലജ മുതൽ തോമസ് ഐസക് വരെ നീളുന്ന പരിഗണനാ പട്ടികയിൽ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് കെ രാധാകൃഷ്ണനുമുണ്ട്

cpm to field popular candidates in Loksabaha elections
Author
First Published Sep 24, 2023, 8:36 AM IST

തിരുവനന്തപുരം: 20 ൽ പത്തൊൻപത് സീറ്റിലും തോറ്റ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഇത്തവണ ആവര്‍ത്തിക്കാതിരിക്കാൻ കരുതലും തന്ത്രങ്ങളും മെനഞ്ഞ് ഇടതുമുന്നണി.  മണ്ഡലങ്ങളുടെ സ്വഭാവം ഉൾക്കൊണ്ട് പരമാവധി ജനപ്രിയ സ്ഥാനാര്‍ത്ഥികളെ ഇറക്കാനാണ് നീക്കം. കെകെ ശൈലജ മുതൽ തോമസ് ഐസക് വരെ നീളുന്ന പരിഗണനാ പട്ടികയിൽ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് കെ രാധാകൃഷ്ണനുമുണ്ട്

ആലപ്പഴയൊഴികെ ബാക്കിയെല്ലായിടത്തും നേരിട്ടത് കനത്ത തോൽവി. അപ്രതീക്ഷിത ഭൂരിപക്ഷവും അട്ടിമറി വിജയങ്ങളുമായി യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോൾ പാര്‍ലമെന്‍റിലേക്ക് കേരളത്തിൽ നിന്ന് യുഡിഎഫ് 19 എ.ഡിഎഫ് 1.  ഡിസംബറിന് ശേഷം എപ്പോൾ വേണമെങ്കിലും ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പ് വരാമെന്നിരിക്കെ ഇത്തവണ ഒരുക്കം നേരത്തെ തുടങ്ങി. ബൂത്ത് തലം മുതൽ സംഘടനാ സംവിധാനം ചലിച്ച് തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ജനകീയ സദസ്സുകൾ കൂടി കഴിയുന്നതോടെ തെര്ഞെടുപ്പിലേക്ക് നേരിട്ടിറങ്ങാൻ പാകത്തിനാണ് മുന്നണി നീക്കങ്ങൾ.

കണ്ണൂര് പിടിക്കാൻ കെകെ ശൈലജയെ ഇറക്കുമെന്ന് നേരത്തെ തന്നെ പറയുന്നുണ്ട് , കണ്ണൂരോ വടകയിലോ കെകെ ശൈലജ മത്സരത്തിനിറങ്ങിയാൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. അട്ടിമറി തോൽവി നേരിട്ട ആലത്തൂരും കാസര്‍കോടും കരുതിക്കൂട്ടിയാണ് നീക്കങ്ങൾ. പാര്‍ട്ടിക്കോട്ടയായ ആലത്തൂരിൽ ആദ്യ പരിഗണന മന്ത്രി കെ രാധാകൃഷ്ണനാണ്. കാസര്‍കോട് ടിവി രാജേഷിന്‍റെ  പേരിനാണ് മുൻതൂക്കം. തദ്ദേശ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന വിവിപി മുസ്തഫയെ കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാൻ നേരത്തെ തന്നെ നിയോഗിച്ചിരുന്നു. ടിവി രാജേഷല്ലെങ്കിൽ അടുത്ത പരിഗണനയും മുസ്തഫക്കായിരിക്കും.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫിനെ കോഴിക്കോട്ടേക്ക് പരിഗണിക്കുന്നു. കെടി ജലീൽ പൊന്നാനിയിൽ ഇറങ്ങിയേക്കും. ആലപ്പുഴയിൽ ആരിഫ് അല്ലാതെ മറ്റ് പരിഗണനയില്ല. പത്തനംതിട്ടയിൽ തോമസ് ഐസകോ അതുമല്ലെങ്കിൽ മുൻ എംഎൽഎ രാജു എബ്രഹാമോ സ്ഥാനാര്‍ത്ഥിയാകും. ചിന്ത ജെറോമിനെ പരിഗണിക്കുന്നത് കൊല്ലത്തേക്കാണ്. സിഎസ് സുജാതയുടെ പേരും കൊല്ലത്തേക്ക് പരിഗണിക്കുന്നുണ്ട്.  എല്ലാം സാധ്യതകൾ മാത്രമാണെന്നും  ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നുമാണ് നേതൃത്വത്തിന്‍റെ നിലപാട്.

Follow Us:
Download App:
  • android
  • ios