Asianet News MalayalamAsianet News Malayalam

അന്തരിച്ച സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ മൃതദേഹം ഖബറടക്കി

കൊവിഡ് കാലത്ത് തിയറ്ററുകൾ അടഞ്ഞു കിടന്നപ്പോൾ ഒടിടി പ്ലാറ്റ്ഫോമിൽ ആദ്യമായി റിലീസ് ചെയ്ത മലയാള സിനിമയായിരുന്നു ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും. 

cremation of shanavas naranippuzha
Author
Kochi, First Published Dec 24, 2020, 2:16 PM IST

മലപ്പുറം: ഇന്നലെ അന്തരിച്ച യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ മൃതദേഹം ഖബറടക്കി. മലപ്പുറം നരണിപ്പുഴ മസ്ജിദുൽ റഹ്മാനിയ്യ ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന ഷാനവാസിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിക്കായി ഷാനവാസിനെ എത്തിച്ചെങ്കിലും രാത്രി 10.20 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.  ഹൃദയാഘാതത്തിന് പിന്നാലെ തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് ഷാനവാസിൻ്റെ സ്ഥിതി ഗുരുതരമായത്. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ വീണ്ടും ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. 

കൊവിഡ് കാലത്ത് തിയറ്ററുകൾ അടഞ്ഞു കിടന്നപ്പോൾ ഒടിടി പ്ലാറ്റ്ഫോമിൽ ആദ്യമായി റിലീസ് ചെയ്ത മലയാള സിനിമയായിരുന്നു ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും. സുഫിയുടേയും സുജാതയുടേയും പ്രണയം പറഞ്ഞ ആ ചിത്രം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ജാതീയതയെക്കുറിച്ച് പറഞ്ഞ കരി എന്ന ഷാനവാസിന്റെ ആദ്യചിത്രവും നിരൂപകര്‍ക്കിടയിൽ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

അട്ടപ്പാടിയില്‍ തന്‍റെ മൂന്നാമത്തെ സിനിമയ്ക്കായുളള തിരക്കഥ എ‍ഴുതുന്നതിനിടെയാണ് ഹൃദയാഘാതം ഷാനവാസിൻ്റെ ജീവനെടുക്കുന്ന വില്ലനായി എത്തിയത്. ഷാനവാസിൻ്റെ മരണാനന്തരം നിര്‍മ്മാതാവ് വിജയ് ബാബു കുറിച്ചത് പോലെ ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും കുറേ അധികം കഥകളും ബാക്കി വെച്ചാണ് ഷാനവാസ് പോയത്.

Follow Us:
Download App:
  • android
  • ios