ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡികൊലപാതക കേസിലെ രണ്ടും മൂന്നും പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. എഎസ്ഐ റെജിമോൻ, സിപിഒ നിയാസ് എന്നിവരെയാണ് നാളെ വൈകീട്ട് ആറ് മണിവരെ പീരുമേട് കോടതി അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടത്.  ഈ രണ്ട് പ്രതികളാണ് രാജ് കുമാറിനെ കൂടുതൽ മർദ്ദിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ട് . ഇവരെ നെടുങ്കണ്ടം സ്റ്റേഷൻ, നെടുങ്കണ്ടം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കും. 

കസ്റ്റഡിയിൽ രാജ്‍കുമാറിനെ ക്രൂരമായി മർദ്ദിച്ചത് ഇവരുടെ നേതൃത്വത്തിലാണെന്ന് വ്യക്തമായിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യുന്നതിനിടെ ഇരുവരും ക്രൂരമായി മർദ്ദിച്ചെന്ന് രാജ്‍കുമാറിന്‍റെ കൂട്ടുപ്രതിയായ ശാലിനി മൊഴി നൽകിയിരുന്നു. രാജ്‍കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുകൊന്ന കേസില്‍ എസ്ഐ അടക്കം ഇതുവരെ നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്. നേരത്തേ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ എസ് ഐ കെ എ സാബുവും പൊലീസ് ഡ്രൈവറായ സജീവ് ആന്‍റണിയുമാണ് അറസ്റ്റിലായത്.