സുകുമാരക്കുറുപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അലി അക്ബർ നടത്തിയ അവകാശവാദങ്ങളിൽ ക്രൈംബ്രാഞ്ച് സംശയം പ്രകടിപ്പിച്ചു. അലി അക്ബറിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതിന് ഔദ്യോഗിക രേഖകളില്ലെന്നും അദ്ദേഹത്തിന്റെ റിപ്പോർട്ട് കേസ് ഡയറിയിലില്ലെന്നും നിലവിലെ അന്വേഷണ സംഘം പറയുന്നു.
തിരുവനന്തപുരം: സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ അലി അക്ബര്‍ നടത്തിയ അവകാശവാദങ്ങളിലെ വസ്തുത സംശയിച്ച് ക്രൈംബ്രാഞ്ച്. സുകുമാരക്കുറുപ്പ് കേസ് അന്വേഷിക്കാന്‍ അലി അക്ബറിനെ ചുമതലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളൊന്നും ഇതുവരെ കണ്ടെത്താന്‍ ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. അലി അക്ബറിന്‍റേതായി പുറത്തു വന്ന നിഗമനങ്ങള്‍ കേസ് ഡയറിയുടെ ഭാഗമായി ഇല്ലെന്നും സൂചനയുണ്ട്. എന്നാല്‍, 2017ല്‍ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി നേരിട്ടാണ് തന്നെ അന്വേഷണത്തിന് നിയോഗിച്ചതെന്നും ആവശ്യമെങ്കില്‍ ഇതിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ തയാറെന്നുമാണ് അലി അക്ബറിന്‍റെ വാദം.
2017ല്‍ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി നിധിന്‍ അഗര്‍വാള്‍ നേരിട്ട് സുകുമാരക്കുറുപ്പ് കേസ് അന്വേഷണത്തിന് തന്നെ ചുമതലപ്പെടുത്തിയെന്നാണ് അലി അക്ബറിന്‍റെ അവകാശ വാദം. ഈ അന്വേഷണത്തിനൊടുവിലാണ് സുകുമാരക്കുറുപ്പ് വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തോടെ താന്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും അലി അക്ബര്‍ വാദിക്കുന്നു.
എന്നാല്‍ അലി അക്ബറിന്‍റെ ഈ വാദത്തില്‍ സംശയം പ്രകടിപ്പിക്കുകയാണ് ഇപ്പോഴത്തെ അന്വേഷണ സംഘം. അതിന് രണ്ട് കാരണങ്ങളുണ്ട്. 2017ല്‍ എഎസ്ഐ മാത്രമായിരുന്ന അലി അക്ബറിനെ ക്രൈംബ്രാഞ്ച് മേധാവി നേരിട്ട് അന്വേഷണമേല്‍പ്പിച്ചു എന്ന് പറയുന്നതില്‍ അസ്വാഭാവികതയുണ്ടെന്നതാണ് പ്രധാന സംശയം. സുകുമാരക്കുറുപ്പ് കേസ് അലി അക്ബര്‍ അന്വേഷിച്ചതായി അലി അക്ബര്‍ അവകാശപ്പെടുന്ന കാലത്ത് ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് നേരിട്ടാണ് കേസ് അന്വേഷിച്ചിരുന്നത് എന്നതും സംശയമാണ്.
അലി സമര്‍പ്പിച്ചതായി പറയുന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ കേസിന്‍റെ അന്വേഷണ ചുമതലയുളള ആലപ്പുഴ ക്രൈംബ്രാഞ്ചിന്‍റെ പക്കലുളള കേസ് ഡയറിയുടെ ഒപ്പമില്ലെന്നാണ് സൂചന. ഇതും അലിയുടെ അവകാശവാദങ്ങളെ സംശയിക്കാന്‍ ഇപ്പോഴത്തെ അന്വേഷണ സംഘത്തെ പ്രേരിപ്പിക്കുന്നു. ഈ സംശയം ദുരീകരിക്കാന്‍ സുകുമാരക്കുറുപ്പ് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്തും ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് ഓഫിസിലുമുളള രേഖകള്‍ ഒരിക്കല്‍ കൂടി വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
എന്നാല്‍ കേസ് അന്വേഷണത്തിന് തന്നെ ചുമതലപ്പെടുത്തിക്കൊണ്ടുളള ഔദ്യോഗിക ഉത്തരവ് ആവശ്യമെങ്കില്‍ ഹാജരാക്കാന്‍ താന്‍ തയാറാണെന്ന് അലി അക്ബര്‍ വെല്ലുവിളിക്കുന്നു. കുറുപ്പ് ജീവനോടെയുണ്ടെന്ന തന്‍റെ നിഗമനങ്ങളെ പൊളിക്കാന്‍ വേണ്ടി ചിലര്‍ നടത്തിയ ഗൂഢാലോചനയാണ് ഇപ്പോഴത്തെ ബ്രൂണൈ കഥകള്‍ക്ക് പിന്നിലെന്നും അലി വാദിക്കുന്നു.
