തിരുവനന്തപുരം: മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ ഫോർട്ട് പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി. അതേസമയം, പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് ഡോക്ടറും മജിസ്ട്രേറ്റും ഇന്ന് പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തും. അൻസാരിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സ്ഥലത്താണ് പരിശോധന. മരണകാരണം സ്ഥിരീകരിക്കുന്നതിനാണ് നടപടി. ഇതിനു ശേഷമേ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാക്കൂ. 

അൻസാരിയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം.  ബലപ്രയോഗത്തിന്‍റെ ഒരു സൂചനയുമില്ലെന്ന് ഫൊറൻസിക് സംഘവും വ്യക്തമാക്കിയിട്ടുണ്ട്. അൻസാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സ്റ്റേഷൻ കെട്ടിടത്തിൽ ഫൊറൻസിക്ക് സംഘവും അന്വേഷണ ഉദ്യോഗസ്ഥരും തെളിവെടുപ്പ് നടത്തിയിരുന്നു. 

അൻസാരിയുടെ ശരീരത്തിൽ മർദനമേറ്റതിന്‍റെ മുറിവോ ചതവോ ഇല്ലെന്നാണ് മജിസ്റ്റീരിയിൽ ഇൻക്വസ്റ്റിൽ കണ്ടെത്തിയത്. തൂങ്ങിമരണം തന്നെയെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. മാത്രമല്ല അൻസാരി സിഗററ്റും വാങ്ങി ശുചിമുറിയിലേക്ക് പോയതാണെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ അന്വേഷണ സംഘത്തിന് മൊഴി നൽകി. പൊലീസുകാർ മർദിച്ചില്ലെന്നും സംഭവ സമയം സ്റ്റേഷനിലുണ്ടായിരുന്ന സാക്ഷികള്‍ പറയുന്നു. പക്ഷെ നാല് മണിക്കൂർ അൻസാരി സ്റ്റേഷനിലുണ്ടായിരുന്നു എന്നതിന് ഒരു രേഖയുമില്ല. പ്രതിയെ കൊണ്ടുവന്നത് ജനറൽ ഡയറിയിൽ രേഖപ്പെടുത്തുകയോ കേസെടുക്കുകയോ ചെയ്‍തിട്ടില്ല. 

കിഴക്കകോട്ടയിൽ നിന്നും ഒരു തൊഴിലാളിയുടെ മൊബൈൽ മോഷ്ടിച്ച് രക്ഷപ്പെട്ട പൂന്തുറ സ്വദേശി അൻസാരിയെ നാട്ടുകാർ പിടികൂടിയാണ് ഫോർട്ട് സിഐക്ക് കൈമാറിയത്. നിരവധിക്കേസിൽ പ്രതിയായ അൻസാരിയെ ഞായറാഴ്ച വൈകുന്നേരം അഞ്ചരയോട് സ്റ്റേഷനു സമീപമുള്ള കൊറോണ നിരീക്ഷ കേന്ദ്രത്തിൽ കൊണ്ടുവന്നു. 9.30 ന് ഇവിടയുള്ള ശുചിമുറിയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൊബൈൽ തിരികെ കിട്ടിയതുകൊണ്ടാണ് പരാതി നൽകാതെ വീട്ടിലേക്ക് പോയതെന്ന് ഹോട്ടൽ തൊഴിലാളിയായ അയ്യപ്പൻ മൊഴി നൽകി. 
നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുമെന്ന് അൻസാരിയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഉത്തരവിറങ്ങിയിരിക്കുന്നത്.  കസ്റ്റഡി മരണത്തിൽ മൂന്നാഴ്‍ച്ചയ്ക്കകം റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണറോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിട്ടുമുണ്ട്.