ആർഎസ്എസിന്റെ രണ്ടാമത്തെ ശത്രുവാണ് ക്രൈസ്തവരെന്ന് സഭാ നേതൃത്വത്തോട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
തിരുവനനന്തപുരം: ആർഎസ്എസിന്റെ രണ്ടാമത്തെ ശത്രുവാണ് ക്രൈസ്തവരെന്ന് സഭാ നേതൃത്വത്തോട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നസ്റത്തിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടെന്നും സഭാ നേതാക്കൾ ഇത് മറക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. ചിലർ സ്വർണകിരീടം കണ്ട് കണ്ണു മഞ്ഞളിക്കുകയാണ്. ആർ എസ് എസിലും ബിജെപിയിലും അവർ പുതിയ മിത്രത്തെ തേടുന്നു. നമുക്ക് അറിയാത്ത എന്തോ കാരണത്താൽ അവർ ബിജെപിയോട് ചങ്ങാത്തം കൂടുകയാണ്. ആർഎസ്എസിന് ദേശസ്നേഹം എന്തെന്നറിയില്ലെന്നും ബിനോയ് വിശ്വം വിമർശിച്ചു. അധികാരം കൊണ്ട് ദേശസ്നേഹത്തിൻ്റെ അപ്പോസ്തലന്മാർ ആകാൻ ശ്രമിക്കുന്നു. ബ്രിട്ടീഷ് രാജ്ഞിയോട് മാപ്പെഴുതി മാപ്പെഴുതി തളർന്ന സവർക്കറുടെ പാരമ്പര്യമാണ് ബിജെപിക്കുള്ളത്. സവർക്കറുടെ വിഭജനവാദമാണ് ജിന്ന ഏറ്റു പിടിച്ചത്. ഗവർണറെ ഓർത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞ ബിനോയ് വിശ്വം സർവകലാശാലകളെ വർഗീയ വിദ്വേഷത്തിന് ഇരയാക്കുന്നുവെന്നും കുറ്റപ്പെടുത്തി. സിപിഐ ജില്ല സമ്മളനത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

