തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ നിർണായക തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന തൂവാല കോടതിയിൽ നിന്ന് കാണാതായി കണ്ടെത്തി

കൊച്ചി: തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ നിർണായക തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന തൂവാല കോടതിയിൽ നിന്ന് കാണാതായി കണ്ടെത്തി. എറണാകുളം സിജെഎം കോടതിയിൽ നിന്നാണ് തൂവാല നഷ്ടമായത്. സിബിഐ പ്രത്യേക കോടതിയിലെ സാക്ഷി വിസ്താരത്തിനിടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. സാക്ഷി വിസ്താരത്തിനിടെ തൂവാല ഉൾപ്പെട്ട തൊണ്ടിമുതൽ ഹാജരാക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടർന്ന് ‘തൂവാല’ എന്ന് രേഖപ്പെടുത്തിയ ഭാഗം കീറിയ നിലയിലുള്ള ഒരു കവർ മറ്റൊരു കവറിനുള്ളിൽ സൂക്ഷിച്ച നിലയിൽ കോടതിയിൽ സമർപ്പിച്ചു. പുറം കവറിൽ ‘എലി കരണ്ടു നശിപ്പിച്ചതായി’ കൈയെഴുത്തിൽ രേഖപ്പെടുത്തിയിരുന്നതും ശ്രദ്ധയിൽപ്പെട്ടു.

ഇതോടെ സംഭവത്തെക്കുറിച്ച് സിബിഐ പ്രത്യേക വിവര ശേഖരണം ആരംഭിച്ചു. തൊണ്ടിമുതൽ യഥാർത്ഥത്തിൽ എലി നശിപ്പിച്ചതാണോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ഫസലിന്റെ രക്തക്കറ പതിഞ്ഞ തൂവാല പ്രതികൾ ചില വീടുകൾക്ക് സമീപം ഉപേക്ഷിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വർഗീയ സംഘർഷം സൃഷ്ടിക്കാനും അന്വേഷണം തെറ്റിദ്ധരിപ്പിക്കാനുമായിരുന്നു ഇതെന്നായിരുന്നു അന്വേഷണസംഘത്തിന്‍റെ നിഗമനം. അതേസമയം, കേസിലെ കുറ്റം തെളിയിക്കാൻ ഈ തൂവാല മാത്രമല്ല പ്രധാന തെളിവെന്ന വിലയിരുത്തലും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. എങ്കിലും കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ കാണാതായ സംഭവം ഗൗരവകരമായാണ് അധികൃതർ കാണുന്നത്.

 

YouTube video player