വീടിന് മുന്നിൽ നിന്ന പഗിനെ കുത്തി, തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് അസഭ്യവർഷം; ഉടൻ പ്രതികളെ പിടികൂടുമെന്ന് പൊലീസ്
നിരവധി കേസുകളിൽ പ്രതിയായ യുവാവാണ് മദ്യ ലഹരിയിൽ നായയെ കുത്തി പരിക്കേൽപ്പിച്ചത്. തടയാൻ ശ്രമിച്ച വീട്ടമ്മയെ അസഭ്യം പറയുകയും ചെയ്തു.
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് വളർത്തു നായയെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ്. ഒളിവിൽ പോയ പ്രതികളക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യാതൊരു പ്രകോപനവുമില്ലാതെ വളർത്തുനായയെ ആക്രമിച്ചതും തടയാൻ ശ്രമിച്ച വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തത്.
വളർത്ത് നായയുമായി വീട്ടമ്മ വീടിന് മുന്നിൽ നിൽക്കുമ്പോഴായിരുന്നു കത്തിയുമായെത്തിയ ശ്രീകാന്ത് എന്ന യുവാവ് പഗ് ഇനത്തിൽപ്പെട്ട വളർത്തുനായയെ കുത്തിപ്പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച വീട്ടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയതും.
നിരവധി കേസുകളിൽ പ്രതിയായ ശ്രീകാന്താണ് നായയെ ആക്രമിച്ചത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്നും വീട്ടമ്മ പറയുന്നു.പോത്തൻകോട് പോലീസിൽ പരാതി നൽകിയതോടെ ശ്രീകാന്തിന്‍റെ സുഹൃത്തുകളായ ഗുണ്ടകള്‍ വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തിയെന്നും വീട്ടമ്മ പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.