അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഇന്ന് കോടതി വിധി പറയും
തിരുവനന്തപുരം: എ ഡി ജി പി എം.ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഇന്ന് കോടതി വിധി പറയും. വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസ് ഡയറിയും അന്വേഷണ റിപ്പോർട്ടും കോടതി നേരത്തെ പരിശോധിച്ചിരുന്നു. നെയ്യാറ്റിൻകര സ്വദേശി നാഗരാജ് ആണ് ഹർജിക്കാരൻ. കേസ് അന്വഷിച്ചത് എ ഡി ജി പിയക്ക് കീഴിലുള്ള ഉദ്യോഗസ്ഥരാണെന്നും സ്വത്ത് വിവരങ്ങൾ പോലും ശരിയായ രീതിയിൽ പരിശോധിച്ചില്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
അതേസമയം എ ഡി ജി പി എംആർ അജിത്കുമാറിനെ കഴിഞ്ഞ ദിവസം എക്സൈസ് കമ്മീഷണറായി നിയമിച്ചിരുന്നു. ശബരിമല വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. നിലവിലെ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു. ബറ്റാലിയനിൽ നിന്നും മാറ്റിയ കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും. അജിത് കുമാറിന്റെ ട്രാക്ടർ യാത്ര വിവാദത്തിലായിരുന്നു. വിഷയത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എം ആർ അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നായിരുന്നു റിപ്പോർട്ട്. ജൂലായ് മാസം ആദ്യ ആഴ്ച്ചയാണ് അജിത് കുമാർ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്തത്. അടുത്തദിവസം തിരിച്ചും ട്രാക്ടറിൽ മലയിറങ്ങി. പൊലീസിന്റെ ട്രാക്ടറിൽ ആയിരുന്നു നവഗ്രഹ പ്രതിഷ്ഠാ ദർശനത്തിനുള്ള യാത്ര. നേരത്തെ എ ഡി ജി പിയുടെ ശബരിമലയിലെ ട്രാക്ടർ യാത്രയെ ഹൈക്കോടതിയും വിമർശിച്ചിരുന്നു. സംഭവം ദൗർഭാഗ്യകരമായിപ്പോയെന്നും ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിൽ നിന്നും അജിത് കുമാറിന്റെ പ്രവർത്തി മനപ്പൂർവ്വമാണെന്ന് വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അജിത് കുമാറിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നല്ലോയെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചിരുന്നു. ശബരിമലയിലേക്ക് എം ആർ അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്ര ചട്ടവിരുദ്ധമെന്നാണ് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂവെന്ന കോടതിയുടെ കർശന നിർദ്ദേശം മറികടന്നായിരുന്നു എ ഡി ജി പിയുടെ നടപടി. പൊലീസിന്‍റെ ട്രാക്ടറിലാണ് അജിത് കുമാർ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് വിവാദ ദർശനത്തിനായി പോയത്.
