അപകടത്തിൽ മരിച്ച മറ്റൊരു വിദ്യാർത്ഥിനി സാറാ തോമസിന് നവകേരള സദസ് വേദിയിൽ നിന്നും താമരശ്ശേരിയിലെ സ്കൂളിലെത്തി മുഖ്യമന്ത്രിയും മന്ത്രിമാരും അന്ത്യാജ്ഞലി അർപ്പിച്ചു.

കൊച്ചി/കോഴിക്കോട്: കുസാറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് നാടിന്റെ യാത്രാമൊഴി. കുസാറ്റ് ക്യാമ്പസിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സഹപാഠികളും അധ്യാപകരും അന്ത്യാജ്ഞലി അർപ്പിച്ചു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പിയുടേയും പാലക്കാട് സ്വദേശി ആൽബിൻ ജോസഫിന്റെയും സംസ്കാരം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടന്നു. അപകടത്തിൽ മരിച്ച മറ്റൊരു വിദ്യാർത്ഥിനി സാറാ തോമസിന് നവകേരള സദസ് വേദിയിൽ നിന്നും താമരശ്ശേരിയിലെ സ്കൂളിലെത്തി മുഖ്യമന്ത്രിയും മന്ത്രിമാരും അന്ത്യാജ്ഞലി അർപ്പിച്ചു. സാറയുടെ സംസ്കാരം നാളെ നടക്കും. പറവൂർ സ്വദേശിനി ആൻ റിഫ്തയുടെ സംസ്കാരം ചൊവ്വാഴ്ചയാണ്. 

ഇതിനിടെ, നാല് പേരും മരിച്ചതും ശ്വാസം മുട്ടിയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ചികിത്സയിലുള്ള പത്ത് പേരിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 24 പേരെ ഡിസ്ചാർജ് ചെയ്യും. അതേസമയം, കുസാറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വലിയ പരിപാടികള്‍ക്ക് 30 ദിവസം മുമ്പ് ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി വാങ്ങണമെന്നതടക്കമുള്ള നിയന്ത്രണം ക്യാമ്പസുകളിലും നിലവിൽ വരുത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പരിശോധിച്ച് റിപ്പോര്‍ട്ട് നൽകരാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നൽകി. കലാലയങ്ങളിലെ ആഘോഷങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ കാലോചിതമായി പുതുക്കുമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്