രണ്ടര കിലോയോളം സ്വർണ്ണം കടത്തിയതിന് കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിഅലായ ഷഫീഖിന്‍റെ മൊഴി പ്രകാരം അർജുൻ ആണ് സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യ ആസൂത്രകനും ക്വട്ടേഷൻ സംഘ തലവനുമായ അർജുൻ ആയങ്കി ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരായേക്കും. രാവിലെ 11 മണിയ്ക്ക് കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിൽ ഹാജരാകാൻ അർജുന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. രണ്ടര കിലോയോളം സ്വർണ്ണം കടത്തിയതിന് കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിഅലായ ഷഫീഖിന്‍റെ മൊഴി പ്രകാരം അർജുൻ ആണ് സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ. മുഹമ്മദ്‌ ഷഫീഖ് കാരിയർ മാത്രമായിരുന്നു എന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനും കസ്റ്റംസ് കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം അഴീക്കോട് നിന്നും അർജുന്‍റെ കൂട്ടാളികൾ കടത്തിക്കൊണ്ടുപോയ കാറ് പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ ഇന്നലെ കണ്ടെത്തിരുന്നു. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലാണ് കാറ് കണ്ടെത്തിയത്. പൊലീസ് എത്തി പരിയാരം സ്റ്റേഷനിലേക്ക് കാർ മാറ്റിയിട്ടുണ്ട്.

അതിനിടെ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കിക്ക് കാറ് എടുത്തു നൽകിയ സിപിഎം അംഗം സജേഷിനെ പാർട്ടി ഒരു കൊല്ലത്തേക്ക് പുറത്താക്കി. സ്വർണ്ണം കടത്താൻ അർജ്ജുൻ ആയങ്കി കരിപ്പൂരേക്ക് കൊണ്ടുപോയ കാറ് സിപിഎം അംഗം സജേഷിന്‍റേതാണെന്നത് പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിന്‍റെ നിർദ്ദേശ പ്രകാരം ചെമ്പിലോട് ലോക്കൽ കമ്മറ്റിയാണ് സജേഷിനെ ഒരു വർഷത്തേക്ക് സസ്പെന്‍ഡ് ചെയതത്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ബന്ധമുള്ളവരെ വച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona