തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി ഖുര്‍ആന്‍, ഈന്തപ്പഴം എന്നിവയിറക്കിയ സംഭവത്തിൽ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് ജീവനക്കാരെ അടക്കം ചോദ്യം ചെയ്യാൻ കസ്റ്റംസ് നീക്കം തുടങ്ങി. ഇന്ത്യക്കാരായ ജീവനക്കാരെയാകും ആദ്യം ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി വിളിപ്പിക്കുക. കോൺസുലൽ ജനറലിനെ അടക്കം ഉൾപ്പെടുത്തിയാണ് അന്വേഷണമെങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര അനുമതിയടക്കം ലഭിച്ചാൽ മാത്രമെ തുടർ നടപടി സാധ്യമാകുകയുള്ളൂ.

അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിനിധികളിൽ നിന്ന് കൂടി മൊഴിയെടുക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഇതിനിടെ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ നൽകിയ ഹർജി നാളെ കോടതി പരിഗണിക്കും. ആദായ നികുതി വകുപ്പും പ്രതികളെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.