കൊച്ചി: സ്വര്‍ണക്കളളക്കടത്തുകേസില്‍ അറസ്റ്റിലായ എം ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കുന്നത്. ഡോളര്‍ കടത്തുകേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, സരിത് എന്നിവരെയും കസ്റ്റംസ് ഇന്ന് കോടതിയില്‍ കൊണ്ടുവരുന്നുണ്ട്. ശിവശങ്കറിനൊപ്പമിരുത്തിയായിരുന്നു സ്വപ്നയേയും സരിത്തിനേയും കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്തത്.

സ്വര്‍ണക്കളളക്കടത്തില്‍ നിന്നടക്കം ലഭിച്ച കമ്മീഷന്‍ തുക വിദേശത്തേക്ക് കടത്താന്‍ സ്വപ്ന സുരേഷിനെ സഹായിച്ചതിന് ഡോളര്‍ കേസില്‍ എം ശിവശങ്കറെക്കൂടി പ്രതി ചേര്‍ക്കുമെന്നാണ് സൂചന. ഇതിനിടെ സ്വര്‍ണക്കളളക്കടത്തുകേസിലെ പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.