കോഴിക്കോട്: കോഴിക്കോടെ സ്വര്‍ണ്ണാഭരണ മൊത്ത വിൽപ്പനകേന്ദ്രത്തിലും നിര്‍മ്മാണ കേന്ദ്രത്തിലും കസ്റ്റംസ് റെയ്ഡ്. പാളയത്തും ഗോവിന്ദപുരത്തുമാണ് റെയ്ഡ് . തിരുവനന്തപുരത്തെ നയതന്ത്രബാഗേജ് വഴി സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ടാണ് കോഴിക്കോടും കസ്റ്റംസ് റെയ്ഡ് നടക്കുന്നത്. അനധികൃതമായി സൂക്ഷിച്ച  3.82 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ പിടിച്ചെടുത്തതായി അസിസ്റ്റന്റ് കമ്മീഷണർ എൻഎസ് ദേവ് അറിയിച്ചു. 
ഒരാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 

അതേ സമയം സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അധികാര ഇടനാഴിയിലെ സ്വപ്നയുടെ സ്വാധീനം പ്രകടമാണെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സാമ്പത്തിക കുറ്റകൃത്യ കോടതി നിരീക്ഷിച്ചു. കോൺസുലേറ്റിൽ നിന്നും രാജി വെച്ച ശേഷവും സ്വപ്ന അവിടുത്തെ ഉന്നത ഉദ്യോഗസ്‌ഥരെ സഹായിച്ചു. ഇതിനു ശേഷം സംസ്‌ഥാന സർക്കാർ പദ്ധതിയിൽ ജോലി നേടി. ഇതെല്ലാം സ്വപ്നയുടെ സ്വാധീനത്തിനുള്ള തെളിവാണ്. അതിനാൽ തന്നെ  ജാമ്യം ലഭിക്കുന്നതിന് സ്ത്രീ എന്ന ആനുകൂല്യം പ്രതി അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.