കോൺഗ്രസ് നേതാക്കൾ ഒരിടത്തും സർക്കാർ ഭൂമി കയ്യേറിയിട്ടില്ല. കയ്യേറിയെന്ന് ആരോപിക്കുമ്പോൾ അതിന്റെ തെളിവുകൾ നിരത്താൻ സിപിഎമ്മിന് കഴിയണമെന്നും സി പി മാത്യു പറഞ്ഞു.
മൂന്നാർ: മൂന്നാർ ദൗത്യസംഘത്തെയും ജില്ലാ കളക്ടറെയും സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ്. സർക്കാർ ഭൂമിയിൽ അനധികൃതമായ നിർമ്മിച്ചിട്ടുള്ള പാർട്ടി ഓഫീസുകൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സിപിഎം ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നതെന്ന് ഡിസിസി പ്രസിഡണ്ട് സി പി മാത്യു പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഒരിടത്തും സർക്കാർ ഭൂമി കയ്യേറിയിട്ടില്ല. കയ്യേറിയെന്ന് ആരോപിക്കുമ്പോൾ അതിന്റെ തെളിവുകൾ നിരത്താൻ സിപിഎമ്മിന് കഴിയണമെന്നും സി പി മാത്യു പറഞ്ഞു.
ഭൂമി കയ്യേറിയിട്ടുണ്ട് എന്ന് ആരോപിക്കുമ്പോൾ എന്തുകൊണ്ടാണ് നടപടി ഇല്ലാത്തത്. വെറും ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സിപി മാത്യു പറഞ്ഞു. മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിവി വർഗീസും എംഎം മണിയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.
അതേസമയം, മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കലിൽ ഇടപെടലുമായി ഹൈക്കോടതി രംഗത്തെത്തി. കയ്യേറ്റക്കാർക്കെതിരെ നടപടി എടുക്കുമ്പോൾ വാണിജ്യപരമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ പൊളിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കൃഷി ഭൂമി പരിപാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. മൂന്നാറിലെ കയ്യേറ്റവും അതിലെ നിർമാണവും തടയണമെന്ന ഹർജികളിലാണ് ഹൈക്കോടതി നിർദേശം. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ തുടർ ഉത്തരവുണ്ടാകുന്നതുവരെ വാണിജ്യപരമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ പൊളിക്കരുത്. കൂടാതെ, ഏലം, തേയില തോട്ടങ്ങൾ, മറ്റു കൃഷികൾക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്,ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട സ്പെഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
