ചെന്നിത്തല പുറത്ത് പോകണം എന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പുറത്തുവന്നു. ആര്‍സി ബ്രിഗേഡ് വാട്സ്ആപ് ഗ്രൂപ്പിലെ ചർച്ചക്ക് മറുപടി ആയാണ് എഫ്ബി ഗ്രൂപ്പിലെ വിമർശനം.
തിരുവനന്തപുരം: ഡിസിസി പുന:സംഘടനയെ ചൊല്ലി സംസ്ഥാന കോൺഗ്രസ്സിലെ സൈബർ പോര് അതിരൂക്ഷം. രമേശ് ചെന്നിത്തല പുറത്ത് പോകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സൈബർ ഒഫീഷ്യൽ ടീമിന്‍റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ്. ഡിസിസി പട്ടിക വന്നാൽ പ്രതിഷേധിക്കണമെന്നാഹ്വാനം ചെയ്യുന്ന ആർസി ബ്രിഗേഡിന്‍റെ വാട്സ് ആപ് ഗ്രൂപ്പിന് മറുപടിയായാണ് എഫ് ബി പോസ്റ്റ് വന്നിരിക്കുന്നത്. പുന:സംഘടനയുടെ അന്തിമ ഘട്ട ചർച്ചക്കായി കെ സുധാകരൻ ഇന്ന് ദില്ലിക്ക് പോകും.
പുതിയ കാലത്ത് നവമാധ്യമങ്ങളിലേക്ക് മാറ്റിപ്പിടിച്ച് കോൺഗ്രസ് ഗ്രൂപ്പുകളുടെ ഏറ്റുമുട്ടൽ. കോൺഗ്രസ് സൈബർ ഒഫീഷ്യൽ ടീമിൻറെ ഫേസ് ബുക്ക് കൂട്ടായ്മയിൽ ചെന്നിത്തലക്കും മകനുമെതിരെ ഉള്ളത് അതിരൂക്ഷ വിമർശനങ്ങൾ. ഡിസിസി പട്ടിക പുറത്ത് വന്നാൽ പ്രതിഷേധം തീർക്കണമെന്ന ആർസി ബ്രിഗേഡ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റിനാണ് എഫ്ബി ഗ്രൂപ്പിലൂടെ മറുപടി. പാർട്ടിയെ നശിപ്പിക്കാതെ ചെന്നിത്തല മാന്യമായി പുറത്ത് പോകണമെനനാണ് ഒഫീഷ്യൽ ഗ്രൂപ്പിലെ വിമർശനം. പ്രതിപക്ഷനേതാവുമായി ബന്ധമുള്ളവരാണ് എഫ്ബി കൂട്ടായ്മക്ക് പിന്നിലെന്നാണ് ചെന്നിത്തല അനുകൂലികളുടെ വിമർശനം. എന്നാൽ സതീശനെ പിന്തുണക്കുന്നവർ ഇത് തള്ളുന്നു.
പട്ടിക ഇറങ്ങും മുമ്പെ ഇതാണ് സ്ഥിതിയെങ്കിൽ പുറത്തിറങ്ങിയാൽ കലാപം അതിരൂക്ഷമാകാനാണ് സാധ്യത. ഒരുവശത്ത് പോര് മുറുകുമ്പോൾ മറുവശത്ത് ചർച്ച അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ ഒറ്റപ്പേരാക്കാനാണ് ചർച്ച. തിരുവനന്തപുരത്ത ശശി തരൂർ പിന്തുണക്കുന്ന ജിഎസ് ബാബുവിന്‍റെ പേരിനാണ് മുൻതൂക്കം. കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷിനറെ നോമിനി രാജേന്ദ്രപ്രസാദിനെതിരെ പ്രതിഷേധം ശക്തം, എംഎം നസീറിന്‍റെ പേരും പരിഗണനയിലാണ്. കോട്ടയത്ത് നാട്ടകം സുരേഷിനാണ് മുൻഗണന, പാലക്കാട് എ തങ്കപ്പന് വേണ്ടിയും എവി ഗോപിനാഥിന് വേണ്ടിയും നീക്കങ്ങൾ തുടരുന്നു. തലമുറമാറ്റം പറഞ്ഞ് നേതൃമാറ്റം ഉണ്ടായപ്പോൾ പരിഗണിക്കപ്പെടുന്ന ഡിസിസി പട്ടികയിൽ 60നും 70 നും വയസ്സിന് മുകളിലുള്ളവരാണ് അധികവും എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
