കാസർകോട്: പത്ത് വർഷം മുൻപ് വീടിനടുത്ത് വൈദ്യുതിപോസ്റ്റ് സ്ഥാപിച്ചിട്ടും വൈദ്യതി കണക്ഷൻ കിട്ടാതെ കാസർകോട് ബിർമ്മിനടുക്കയിലെ ദളിത് കുടുംബങ്ങൾ. ടിവിയും സ്മാർട്ട് ഫോണുമൊന്നുമില്ലാത്തതിനാൽ ഇവിടത്തെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനും സൗകര്യമില്ല.

ഏഴാം ക്ലാസുകാരനായ സുജിത്ത് കുമാറിനെ പരിചയപ്പെടാം. കന്നഡയാണ് മാതൃഭാഷ എന്നതിനാൽ സുജിത്തിന് മലയാളം അത്ര വഴങ്ങില്ല. ഈ ഏഴാം ക്ലാസുകാരന്‍റെ വീട്ടിൽ വയറിംങ്ങ് പൂർത്തിയായിട്ട് വർഷങ്ങളായി. വീടിന് തൊട്ടടുത്തുണ്ട് പത്ത് വ‌ർഷം മുമ്പേ സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റ്. പക്ഷെ എൻ‍ഡോസൾഫാൻ ബാധിതയടക്കം അഞ്ച് പേർ താമസിക്കുന്ന ഈ വീട് ഇപ്പോഴും ഇരുട്ടിലാണ്.

തൊട്ടടുത്ത് സുജിത്തിൻ്റെ ഇളയമ്മ സുലോചനയുടെ വീട്ടിലും ഇതേ അവസ്ഥ. പത്താംക്ലാസുകാരി സുജാത പഠിച്ചതത്രയും ഈ മണ്ണെണ്ണ വിളക്കിൻ്റെ വെട്ടത്തിലിരുന്നാണ്. വീടിന്‍റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നാണ് വാർഡ് മെമ്പർ പറയുന്നത്. പക്ഷേ സർട്ടിഫിക്കറ്റിനായി ബദിയടുക്ക പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് ഇവർ പറയുന്നു. ചെറിയ സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഇനിയും ഇങ്ങനെ ഇരുട്ടിൽ നിർത്തരുതെന്നും ഈ പാവങ്ങൾ അപേക്ഷിക്കുന്നു.