പാട്ടുപാടുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച എസ്ഐ വിഷ്ണു പ്രസാദിന്റെ മരണവിവരം മകളെ അറിയിക്കാതെയായിരുന്നു വിവാഹം നടത്തിയത്.

കൊല്ലം: കല്യാണത്തലേന്ന് ഗാനം ആലപിക്കുന്നതിനിടെ കുഴഞ്ഞുവീണ അച്ഛന്‍റെ മരണവിവരമറിയാതെ മകള്‍ വിവാഹിതയായി. മകളുടെ വിവാഹ സല്‍ക്കാര ചടങ്ങിൽ പാട്ടുപാടുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച എസ്ഐയുടെ സംസ്കാരം ഇന്ന് വൈകീട്ട് നടക്കും. നീണ്ടകര സ്വദേശിയായ വിഷ്ണു പ്രസാദിന്റെ മരണവിവരം മകളെ അറിയിക്കാതെയായിരുന്നു വിവാഹം നടത്തിയത്.

ശനിയാഴ്ച രാത്രി വിഷ്ണുപ്രസാദിന്‍റെ നീണ്ടകര പുത്തൻ തുറയിലെ വീട്ടില്‍ വെച്ചായിരുന്നു വിവാഹ സത്കാരം. സുഹൃത്തുക്കള്‍ ആവശ്യപ്പെട്ട പ്രകാരമാണ് വിഷ്ണു പ്രസാദ് ഗാനം ആലപിച്ചത്. നിറ കണ്ണുകളോടെ പാടിത്തുടങ്ങിയ വിഷ്ണുപ്രസാദ് പെട്ടെന്ന് കുഴഞ്ഞ് വീണുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. 

പിറ്റേന്ന് ചവറ പരിമണം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ച് നടക്കേണ്ട വിവാഹത്തിന്‍റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. അതിനാല്‍ ബന്ധുക്കള്‍ വിഷ്ണപ്രസാദിന്‍റെ മകള്‍ ആര്‍ച്ചയേയും ഭാര്യ സുഷമയേയും വിവരം അറിയിച്ചില്ല. വിവാഹത്തിന് ശേഷം ആര്‍ച്ച അച്ഛന്‍റെ സുഖ വിവരം തിരക്കി. സുഖം പ്രാപിച്ച് വരുന്നെന്ന ബന്ധുക്കളുടെ മറുപടി കേട്ടാണ് അവര്‍ ഭര്‍തൃ വീട്ടിലേക്ക് പോയത്. 

ഇന്ന് പുലര്‍ച്ചയാണ് മകളെയും ഭാര്യയേയും മരണ വിവരം അറിയിച്ചത്. കൊല്ലം എആ ക്യാമ്പില്‍ വിഷ്ണുപ്രസാദിന്‍റെ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ച ശേഷം വൈകീട്ട് നാലിന് സംസ്കരിക്കും.