കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയായ 'ഇൻ ദ നെയിം ഓഫ് ലോർഡ് മൈ ഗോഡ്' പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശം ഡിസി ബുക്സിന് കൈമാറി. കൂടുതൽ വായനക്കാരിലേക്ക് പുസ്തകം എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ഇതിലൂടെയെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. പൈൻ പ്രസാധകരുമായി തർക്കം ഇല്ലെന്നും വരുന്ന മാസം പുസ്തകം പ്രസിദ്ധീകരിക്കുമെന്നും അവര്‍ അറിയിച്ചു.

നേരത്തെ സിസ്റ്റർ ലൂസിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പൈൻ ബുക്സ് പിന്മാറിയിരുന്നു. ലൂസി കളപ്പുരയുടെ അഭ്യർത്ഥന മാനിച്ചാണ് പിന്മാറ്റമെന്ന് പൈൻ ബുക്ക്സ് അധികൃതർ അറിയിച്ചിരുന്നു. 'ഇൻ ദ നെയിം ഓഫ് ലോഡ് മൈ ഗോഡ്' എന്ന കൃതിയുടെ മുഴുവൻ രേഖകളും സിസ്റ്റർ ലൂസി കളപ്പുരക്ക് കൈമാറിയെന്ന് പൈൻ ബുക്ക്സ് ഡയറക്ടർ മിൽട്ടൺ ഫ്രാൻസിസ്‌ വ്യക്തമാക്കിയിരുന്നു.

റോയല്‍റ്റി സംബന്ധിച്ച് സിസ്റ്റർ കൂടുതലായി ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇത് പരിഗണിക്കാൻ കഴിയാത്തതിനാലാണ് പ്രസാധനത്തിൽ നിന്ന് പിൻമാറുന്നതെന്നും മിൽട്ടൺ ഫ്രാൻസിസ് പറഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലും ആത്മകഥ പ്രസിദ്ധീകരിക്കാനായിരുന്നു പൈൻ ബുക്സും സിസ്റ്റർ ലൂസി കളപ്പുരയും തമ്മിൽ ആദ്യം കരാറിലേർപ്പെട്ടിരുന്നത്.