കരമനയാറിൽ കുളിക്കുന്നിതിനിടെ മുങ്ങിമരിച്ച ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും
പുരയിടത്തിൽ വളം ഇട്ടതിന് ശേഷം ഇവർ കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഐജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവറായിരുന്നു അനിൽകുമാർ
തിരുവനന്തപുരം: ആര്യനാട് കരമനയാറിൽ കുളിക്കുന്നിതിനിടെ മുങ്ങിമരിച്ച ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. അനിൽ കുമാർ (50), അദ്വൈത് (22), ആനന്ദ് (25), അമൽ (13) എന്നിവരാണ് മരിച്ചത്. ആര്യനാട്-മുന്നേറ്റ് മുക്കിൽ കടവിൽ കുളിയ്ക്കാനിറങ്ങിയതായിരുന്നു നാല് പേരും. അനിൽ കുമാറിന്റെ മകനാണ് അമൽ. ബന്ധുക്കളാണ് മരിച്ച മറ്റ് രണ്ടു പേർ. അനിൽകുമാറിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ബന്ധുക്കൾ.
ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ്സംഭവം. പുരയിടത്തിൽ വളം ഇട്ടതിന് ശേഷം ഇവർ കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഐജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവറായിരുന്നു അനിൽകുമാർ. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം പൊലീസ് ക്യാമ്പിലും ശേഷം കുളത്തൂർ തോപ്പിൽ ധർമ്മരാജൻ മന്ദിരത്തിലും പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് ആര്യനാട്ടേക്ക് വിലാപ യാത്രയായി കൊണ്ടുവന്ന ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം