കോഴിക്കോട്: കോഴിക്കോട് മുക്കം മരഞ്ചാട്ടിയില്‍ കാറിനുള്ളില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. മരഞ്ചാട്ടിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയായ ദീപ്തിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരഞ്ചാട്ടിയിലെ റബ്ബര്‍ തോട്ടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലാണ് 45 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂമ്പാറ പാലത്തോട്ടത്തില്‍ ദീപ്തിയാണ് മരിച്ചത്. കാറിനുള്ളില്‍ തീ പടര്‍ന്ന നിലയിലാണ്. യുവതിയുടെ ശരീരത്തിലും തീപ്പൊള്ളലേറ്റിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് ധരിച്ച് ‍ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാറിന്‍റെ ഗ്ലാസുകളെല്ലാം ഉയര്‍ത്തിയ നിലയിലാണ്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പ്രദേശവാസികള്‍ പോയി നോക്കിയപ്പോഴാണ് സ്ത്രീയെ കാറിനുള്ളില്‍ കണ്ടത്. ദീപ്തിയുടെ തന്നെ കാറാണിത്.

മുക്കം സി ഐ എസ് നിസാമിന്‍റെ നേതൃത്വത്തില് ‍പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാറിനുള്ളില്‍ നിന്ന് പെട്രോളും തീപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് പരിശോധന അടക്കമുള്ളവ വ്യാഴാഴ്ച നടത്തും.