Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് 5022 കൊവിഡ് കേസുകള്‍ കൂടി; 7469 പേര്‍ക്ക് രോഗമുക്തി

4257 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 647 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരിൽ 59 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു

death numbers new cases of covid explained by pinarayi vijayan
Author
Trivandrum, First Published Oct 19, 2020, 6:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കൊവിഡ്. 4257 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 647 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരിൽ 59 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. രോഗബാധിതരായി മരിച്ചത് 21 പേര്‍. 7469 പേരാണ് രോഗമുക്തി നേടിയത്. 92,731 പേരാണ് ചികിത്സയിൽ കഴിയുന്നത്. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍

36599 സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. രോഗവ്യാപനം ഉച്ഛാസ്ഥായിലെത്തുന്നത് തടയാനാണ് ഇതുവരെ ശ്രമിച്ചത്. ഇതുവഴി രോഗവ്യാപനം തടയാനും ചികിത്സാ സംവിധാനം ശക്തിപ്പെടുത്താനും സാധിച്ചു. ഇതുവഴി രോഗത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും ജീവൻ രക്ഷിക്കാനുള്ള ഉപായങ്ങളും പഠിച്ചു. ഇതെല്ലാം വഴി കൊവിഡ് മരണങ്ങൾ തടയാൻ നമുക്കായി. ഇറ്റലിയിൽ പോലും രോഗം പെട്ടെന്ന് ഉച്ഛസ്ഥായിയിൽ എത്തിയിരുന്നു.

സംഭവിച്ച ദുരന്തത്തിൻ്റെ ആഘാതം ആ ഘട്ടത്തിൽ എത്രത്തോളമായിരുന്നുവെന്ന് നാം അറിഞ്ഞതാണ്. രോഗാബാധിതരിൽ നൂറിൽ 16 പേർ വരെ മരിക്കുന്ന അവസ്ഥ ഇറ്റലിയിലുണ്ടായി. നമ്മുടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിളെ മരണനിരക്കും ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിൽ തുടക്കം മുതൽ മരണനിരക്ക് കുറവായിരുന്നു. കൊവിഡ് വ്യാപനം ഉച്ഛസ്ഥായിലെത്തുന്ന ഈ സമയത്തും മരണനിരക്ക് കുറവാണെന്നാണ് നാം കാണുന്നത്. ഈ മഹാമാരി ലോകം മൊത്തം ഗ്രസിച്ചു. ഇതിലെത്രെ ജീവൻ രക്ഷിക്കാൻ സാധിച്ചെന്നും അതിനായി എന്തൊക്കെ ചെയ്തുവെന്നതുമാണ് പ്രധാനം.

ശാസ്ത്രീയ സമീപനത്തിലൂടെയാണ് കേരളം മഹാമാരിയെ നേരിട്ടത്. അതിൻ്റെ ഫലമാണ് മെച്ചപ്പെട്ട രീതിയിലുള്ള കുറഞ്ഞ മരണനിരക്ക്. മെയ് മാസത്തിൽ മരണനിരക്ക് 0.77 ശതമാനമായിരുന്നത് ജൂണിൽ 0.45 ആയി കുറഞ്ഞു. ആഗസ്റ്റിൽ അത് 0.4 ആയി. സെപ്തംബറിൽ 0.38 ആയി. ഒക്ടോബറിൽ ഇതുവരെയുള്ള മരണനിരക്ക് 0.28 ശതമാനമാണ്. ഈ ഘട്ടത്തിലും നമ്മുക്ക് മരണനിരക്ക് കുറച്ചുകൊണ്ടു വരാൻ സാധിക്കുന്നത് അഭിമാനർഹമായ നേട്ടമാണ്.

ഇതുകൊണ്ടൊക്കെയാണ് കേരളത്തിൻ്റെ ആരോഗ്യമേഖല അന്തർദേശീയതലത്തിൽ പോലും അംഗീകരിക്കപ്പെടുന്നത്. അല്ലാതെ കേരളം ഒരു ബഹുമതിയുടേയും പിന്നാലെ പോയിട്ടില്ല. എവിടെയും പുരസ്കാരത്തിനായി അപേക്ഷയും കൊടുത്തിട്ടില്ല. നാം നടത്തിയ കഠിന പോരാട്ടത്തിൻ്റേയും അശ്രാന്ത പരിശ്രമത്തിൻ്റേയും ഫലമാണ് നമ്മുക്ക് കിട്ടിയ അംഗീകാരം. എന്നാൽ ഇതിലൊക്കെ പലരും അസ്വസ്ഥരാണ്. അത്തരം ആളുകളാണ് വസ്തുതകൾ മനസിലാക്കാതെയും ചിലപ്പോൾ മനപൂർവ്വം തെറ്റിദ്ധരിപ്പിച്ചും കേരളത്തെ അപമാനിക്കുന്നത്.

ചൈനയിലെ വുഹാനിൽ കൊവിഡ് വ്യാപനമുണ്ടായ ശേഷം ഇന്ത്യയിലാദ്യം കൊവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. എന്നാൽ ആദ്യഘട്ടത്തിൽ രോഗബാധിതരാരും മരണപ്പെടാതെയും കൂടുതൽ പേരിലേക്ക് വ്യാപനമില്ലാതെയും നാം തടഞ്ഞു. ചൈനയിലും പല ലോകരാജ്യങ്ങളിലും കൊവിഡ് പടർന്നു പിടിച്ചിട്ടും ഉയർന്ന ജനസാന്ദ്രതയുള്ള കേരളത്തിന് കൊവിഡിനെ നേരിടാനായി.

രാജ്യത്തേറ്റവും ആദ്യം കൊവിഡ് പ്രോട്ടോക്കോളുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. ആരേക്കാളും മുൻപ് പൊതുപ്രചരാണവും ബോധവത്കരണവും നാം നടത്തി. രണ്ടാം ഘട്ടത്തിൽ ഇറ്റലിയിൽ നിന്നും രോഗം കേരളത്തിലെത്തുകയും പലരിലേക്കും പടരുകയും ചെയ്തിട്ടും. നമ്മൾ നേരിട്ടു, അപ്പോഴേക്കും നമ്മൾ ബ്രേക്ക് ദ ചെയിൻ കൊണ്ടു വന്നു. ദേശീയ ലോക്ക് ഡൗണിന് മുൻപേ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഓണത്തിന് കേരളത്തിൽ വ്യാപകമായി ഇളവുകൾ നൽകിയെന്ന വാർത്ത തെറ്റാണ്.

മറ്റ് ആഘോഷങ്ങൾക്ക് എന്ന പോലെ ചെറിയ ഇളവുകൾ നൽകുകയും കൃത്യമായ മാർഗനിർദേശങ്ങളും കർശന നിയന്ത്രണങ്ങളും ഓണക്കാലത്ത് നൽകിയിരുന്നു. കടകളുടെ വലിപ്പം അനുസരിച്ച് വേണം ഉപഭോക്താക്കളെ പ്രവേശിപ്പിക്കാനെന്നും അനുമതി നൽകാവുന്ന ആളുകളുടെ എണ്ണം കടയുടെ പുറത്ത് പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചിരുന്നു. ഓണക്കാലത്ത് രാത്രി 9 മണിവരെ മാത്രമാണ് കടകൾക്ക് പ്രവർത്തന അനുമതി നൽകിയത്. മാളുകൾക്കും ഹൈപ്പർമാർക്കറ്റുകൾക്കും അനുമതി നൽകിയിട്ടും ഹോം ഡെലിവറി പ്രൊത്സാഹിപ്പിക്കണം എന്നു നിർദേശിച്ചു.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് കൂട്ടംകൂടിയുള്ള ഓണഘോഷം പാടില്ലെന്ന് പലവട്ടം വാർത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെടുകയും അഭ്യർത്ഥിക്കുകയും ചെയ്തു. ഡിജിപിയും ചീഫ് സെക്രട്ടറിയും ഇക്കാര്യം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഓണക്കാലത്ത് പൊലീസ് കർശന നിരീക്ഷണം നടത്തുകയും ജാഗ്രത പാലിക്കുകയും ചെയ്തു. ഒന്നാം ഓണത്തിന് നിയന്ത്രണം ലംഘിച്ചതിന് 2603 കേസെടുത്തു. 1279 അറസ്റ്റുകളും രേഖപ്പെടുത്തി. 137 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തിരുവോണ ദിവസമായ ആഗസ്റ്റ് 31-ന് 1996 കേസുകളും 1019 അറസ്റ്റും രേഖപ്പെടുത്തി 94 വാഹനങ്ങളും പിടിച്ചെടുത്തു.

അവിട്ടം ദിനമായ സെപ്തംബർ ഒന്നിന് 1198 കേസെടുത്തു. 62 വാഹനങ്ങൾ പിടിച്ചെടുത്തു. 655 പേർ അന്ന് അറസ്റ്റിലായി. സെപ്തംബര്‍ രണ്ടിന് നിയന്ത്രണം ലംഘിച്ച 708 പേരെ അറസ്റ്റ് ചെയ്തു. 1612 കേസെടുത്തു. 92 വാഹനങ്ങൾ പിടിച്ചെടുത്തു. ഓണക്കാലത്ത് ശക്തമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്. അതിനോട് മികച്ച സഹകരണം ജനങ്ങളിൽ നിന്നുണ്ടായി.

ക്ഷേമപെൻഷൻ, ഭക്ഷ്യധാന്യം തുടങ്ങിയവ സാധാരണക്കാരിൽ എത്തിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിച്ചു. ഈ രീതിയിൽ ക്രിയാത്മകവും ശ്രദ്ധേയവുമായ ഇടപെടൽ മൂലം മെയ് മാസത്തിൽ കേസുകളില്ലാത്തെ ദിവസങ്ങളുണ്ടായിരുന്നു. ആക്ടീവ് കേസുകൾ മൂന്നായി ചുരുങ്ങുകയും റിക്കവറി റേറ്റ് 97 ശതമാനമായി ഉയരുകയും ചെയ്തു. അതിൽ അഭിമാനിക്കുന്നതിന് പകരം ചിലർ അസ്വസ്ഥരാവുന്ന കാഴ്ച ആശ്ചര്യമാണ്. ലോക്ക് ഡൗണ്‍ നിയന്ത്രണം നീക്കുന്നതോടെ നാം കണ്ട ചില കാര്യങ്ങളുണ്ട്.

വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ സഹോദരങ്ങൾ തിരികെ വരുന്ന സാഹചര്യമുണ്ടാകുമെന്നും അവരിൽ പലരം കൊവിഡ് ബാധിത മേഖലകളിൽ നിന്നും വരുന്നതിനാൽ ഇവിടെ വ്യാപനം ഉണ്ടാകും എന്നും ഉറപ്പായിരുന്നു. ആഗസ്റ്റ് മാസത്തിൽ വലിയതോതിൽ കൊവിഡ് വ്യാപനം ഉണ്ടാക്കും എന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പും നൽകി. ഇതെല്ലാം മുന്നിൽ കണ്ട് വിപുലമായ മുന്നൊരുക്കവും ബോധവത്കരണവും നാം നടത്തി. ഇതു വഴിയാണ് മരണസംഖ്യ കുറഞ്ഞത്.

ഇവിടെ എങ്ങന കൊവിഡ് വ്യാപിച്ചുവെന്ന് എല്ലാവർക്കും അറിയാം. കൊവിഡിനെ തടയാൻ നാടും നാട്ടുകാരും ഒന്നിച്ചിറങ്ങി. ഈ ഘട്ടത്തിൽ പ്രതിരോധപ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ചിലർ പരസ്യമായി രംഗത്തിറങ്ങി. അതിൻ്റെ പ്രത്യാഘാതമാണ് ഇവിടെ സംഭവിച്ചത്. ജനങ്ങളാകെ ജാഗ്രതയോടെ ഇടപെടുകയും ആരോഗ്യസുരക്ഷാ സംവിധാനം സുഗഗമായി പ്രവർത്തിക്കുകയും ചെയ്‍തതുകൊണ്ടാണ് കൊവിഡ് പ്രതിരോധം നാം വിജയത്തിൽ എത്തിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ ഇവരെല്ലാം ത്യാഗോജ്വല പ്രവർത്തനമാണ് നടത്തിയത് ഇതിന്‍റെയെല്ലാം ഫലമുണ്ടായി. 

ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് പ്രതിപക്ഷം നൽകിയത്. എല്ലാവരും ചേർന്ന് കൊവിഡിനെ തടയുന്ന ഘട്ടത്തിൽ ഒരു ഭാഗം വേറിട്ട് പ്രവർത്തിച്ചാൽ നാട്ടിലെന്ത് സംഭവിക്കും എന്നതിൻ്റെ ദുരന്തഭാഗമാണ് നാം കണ്ടത്. മറ്റു പ്രശ്നങ്ങളെല്ലാം ഉണ്ടെങ്കിലും കൊവിഡ് പ്രതിരോധത്തിൽ ഒറ്റക്കെട്ടായി നാം നിൽക്കണം.

ഇവിടെ രോഗവ്യാപനം തടയുക എന്നത് സമൂഹം ഒറ്റക്കെട്ടായി ചെയ്യുന്ന കാര്യമാണ്. അതിനെല്ലാവരും ഒരു പങ്കുവഹിക്കണം. അതിൽ നിന്നും ഒരു ഭാഗത്തെ അകറ്റിനിർത്താൻ ശ്രമിച്ചാൽ ആ തെറ്റായ സന്ദേശം നാട്ടിൽ വ്യാപിക്കാൻ ഇടയായാൽ എന്തു സംഭവിക്കും എന്നതിൻ്റെ ദുരന്തഭാഗമാണ് നാം കണ്ടത്. ഇതിൽ നിന്നും പാഠം ഉൾക്കൊണ്ട് മറ്റു പ്രശ്നമെല്ലാം ഉണ്ടെങ്കിലും കൊവിഡ് പ്രതിരോധത്തിൽ ഒറ്റക്കെട്ടായി നിൽക്കുന്ന സമീപനംഎല്ലാവരും സ്വീകരിക്കണം.

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പ്രതിദിനം പോസിറ്റീവ് ആകുന്നവരുടെ എണ്ണം കുറയുകയും രോഗമുക്തി നിരക്ക് നല്ല നിലയിൽ വർധിക്കുകയും ചെയ്തു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ മാർക്കറ്റുകൾ, ഓട്ടോ സ്റ്റാൻഡുകൾ, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലും ചില കടകളിലും കൊവിഡ് പ്രോട്ടോക്കോൾ ലംഘനം ഉണ്ടായതായി കണ്ടെത്തിയിരുന്നു. 

കൊല്ലത്ത് ഗൃഹചികിത്സയിലുള്ളവരെക്കുറിച്ച് പ്രത്യേക പഠനം നടത്തി. ഹൈറിസ്ക്, പ്രാഥമിക സമ്പർക്കത്തിൽ 16 ശതമാനം മാത്രമാണ് കൊവിഡ് പൊസീറ്റാവായത് എന്ന് വ്യക്തമായി. ആലപ്പാട്, അഴീക്കൽ,ചവറ,ശക്തിക്കുളങ്ങര എന്നി ആരോഗ്യകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. നീണ്ടകര, ശക്തിക്കുളങ്ങര ഹാർബറുകൾ ഭാഗികമായി തുറന്നു.

പത്തനംതിട്ടയിൽ 40 ആക്ടീവ് ക്ലസ്റ്ററുകൾ നിലവിലുണ്ട്. ജില്ലയിലെ പരിശോധന നിത്യവും 5000 ആക്കാൻ ശ്രമിക്കുന്നു. ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കലിൽ കൊവിഡ് ടെസ്റ്റ് നടത്തുന്നു. ഇന്ന് രാവിലെ ഏഴ് മണി വരെ 272 പേരെ തീർത്ഥാടകർക്കും ജീവനക്കാര്‍ക്കുമായി നടത്തി. ഇടുക്കിയിൽ കൊവിഡ് കൂടുതലുള്ള ഉടുമ്പൻചോല, കട്ടപ്പന, എന്നിവിടങ്ങലിൽ വാട്സാപ്പ് ഗ്രൂപ്പ് വഴി ബോധവത്കരണവും പ്രചാരണവും നടക്കുന്നുണ്ട്. 

പാലാക്കാട്ട് 9 ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ സെൻ്ററുകൾ സജീവമാണ്. ഇതിൽ മൂന്നിടത്ത് കൊവിഡ് പൊസീറ്റാവായ കാറ്റഗറി ബിയിൽ ഉള്ളവർക്ക് സെക്കൻഡ് ലൈൻ ട്രീറ്റ്‍മെന്‍റിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊവിഡ് രോഗികളുടെ ഹോം ഐസൊലേഷന് കണ്ണൂരിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനകം 10804 കൊവിഡ് രോഗികളാണ് ഇവിടെ ഹോം ഐസൊലേഷൻ തെരഞ്ഞെടുത്ത്. നിലവിൽ ആറ് ആക്ടീവ് ക്ലസ്റ്ററുകളാണ് കണ്ണൂരിലുള്ളത്. 

കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട്,കാസർകോട് നഗരസഭയിലും അജാനൂർ, ഉദുമ, ചെമ്മനാട് തുടങ്ങിയ തീരദേശപഞ്ചായത്തിലും ആണ് രോഗവ്യാപനം രൂക്ഷം. ജില്ലയിൽ ബോധവത്കരണ പ്രവർത്തനം വാർഡ് തലത്തിൽ ശക്തമാക്കി. ഒരു വാർഡിൽ രണ്ട് അധ്യാപകർ വീതം മാഷ് പദ്ധതിയുടെ ഭാഗമായി നിയോഗിച്ചു.

ഇന്നത്തെ അവസ്ഥയെക്കുറിച്ച് കേന്ദ്രമന്ത്രി പറയുന്നത് രോഗവ്യാപനത്തിൻ്റെ തോത് കൂടിയതിൻ്റെ ഭാഗമായിട്ടാണ്. അതേക്കുറിച്ചാണ് ഞാൻ ഇവിടെ പറഞ്ഞത്. രോഗവ്യാപനം വർധിക്കാനാണ് ഇതൊക്കെ ഇടയാക്കുക എന്ന് എത്രയോ തവണ ഇതേ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യമാണ്. വളരെ ചിട്ടയായി പോയിക്കൊണ്ടിരുന്ന ഒരു കാര്യം മറ്റൊരു അവസ്ഥയിലേക്ക് വർധിക്കുമ്പോൾ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ എല്ലാവരിലും ഉത്കണ്ഠയുണ്ടാവും. കേരളത്തെ എല്ലായിപ്പോഴും പ്രശംസിച്ചയാളാണ് കേന്ദ്ര ആരോഗ്യമന്ത്രി.

കേരളത്തിൽ രോഗവ്യാപനം കൂടിയത് ഓണഘോഷം മൂലമാണ് എന്നാണ് അദ്ദേഹം ധരിച്ചത്. അതിനൊരു പൊസീറ്റീവ് വശം കൂടിയുണ്ട്, രാജ്യത്താകെ ഇനിയുള്ള ദിനങ്ങളിൽ വലിയ ആഘോഷപരിപാടികൾ വരാൻ പോകുകയാണ്. അത്തരമൊരു ഘട്ടത്തിൽ വൻതോതിൽ ആളുകൾ കൂടാൻ ഇടയാവും. കൊവിഡ് വ്യാപനം വലിയതോതിൽ തടഞ്ഞ് രാജ്യത്തിനാകെ മാതൃകയായ കേരളത്തിൽ ഇന്ന് ഇത്രയേറെ കൊവിഡ് രോഗികളുണ്ടായായത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള കൂടിച്ചേരൽ മൂലമാണ് എന്നാണ് അദ്ദേഹം കാണുന്നത്. അത് മറ്റു സ്ഥലത്ത് ഉണ്ടാവരുത് എന്ന് ഓർമ്മിപ്പിക്കൽ കൂടിയാണ് ഇതിൻ്റെ ഉദ്ദേശ്യം.

ഓണഘോഷം നടന്നു എന്നത് ശരിയാണ്. പക്ഷേ നമ്മുടെ നാട്ടിൽ എങ്ങനെയാണ് ഓണം ആഘോഷിച്ചത്. കൂട്ടായ എന്തേലും പരിപാടി നടന്നോ എവിടെയെങ്കിലും കൂടിച്ചേരൽ ഉണ്ടായോ വീടുകളിൽ ആളുകൾ കൂടിയിട്ടുണ്ടാവും അതല്ലാതെ കൈവിട്ടു പോകുന്ന അവസ്ഥ കേരളത്തിലുണ്ടായിട്ടില്ല. അവിടെയാണ് നിയന്ത്രണങ്ങൾ ലംഘിച്ചു കൊണ്ട് കേരളത്തിൽ നടന്ന സമരപരിപാടികൾ നാം കാണേണ്ടത്. സമരങ്ങളും അക്രമങ്ങളും ഉണ്ടാവുകയും ഡ്യൂട്ടിയിൽ നില്‍ക്കുന്ന പൊലീസുകാരും സമരക്കാരും തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തും.

മാസ്കൊന്നും ധരിക്കണ്ട, ഇതൊക്കെ വലിച്ചെറിയണം, പ്രോട്ടോക്കോൾ അംഗീകരിക്കാൻ തയ്യാറല്ല എന്നൊക്കെ ചിലർ പറയുന്ന അവസ്ഥയുണ്ടായി. ഇതിൻ്റെയൊക്കെ ഫലമായിട്ടുള്ള ദുരന്തഘട്ടമാണ് നാം ഇപ്പോൾ അനുഭവിക്കുന്നത്. ഇതു നമുക്ക് തിരിച്ചു പിടിക്കാൻ കഴിയാത്തതതല്ല. സർവ്വകക്ഷിയോഗം വിളിച്ചപ്പോള്‍ നാം ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നു പറഞ്ഞത്. നല്ല നിലയ്ക്ക് കൊവിഡ് പ്രതിരോധം തീർക്കാനാവണം. ബ്രേക്ക് ദ ചെയിൻ നാം നേരത്തെ തുടങ്ങിയതാണ്, അതിനിയും വ്യാപകമാകണം.മറ്റൊരു ലോക്ക് ഡൗണ്‍ അടിച്ചേൽപ്പിക്കാനോ നടപ്പാക്കാനോ നമുക്കാവില്ല. ലോക്ക് ഡൗണ്‍ മൂലം ഉണ്ടാവുന്ന രാഷ്ട്രീയ സാമൂഹിക പ്രത്യാഘാതം ഉണ്ട്. ഇക്കാര്യത്തിൽ നാം എല്ലാവരും ഒന്നിച്ചു നിന്നു ശ്രമിക്കേണ്ടതാണ്. ഇതിനാണ് നാം പരമപ്രാധാന്യം നൽകേണ്ടത്.

എം ശിവശങ്കറിൻ്റെ അറസ്റ്റ് സർക്കാർ തടയുന്നുവെന്ന ആരോപണമാണ് ഒരു പ്രമുഖ പത്രം പ്രസിദ്ധീകരിച്ചത്. ശിവശങ്കറിൻ്റെ അറസ്റ്റിന് കസ്റ്റംസ് നീക്കം, കേന്ദ്രവും സംസ്ഥാനവും നിഴൽ യുദ്ധത്തിൽ എന്ന തലക്കെട്ടിലാണ് വാർത്ത വന്നത്. ഈ വാർത്ത പൂർണമായും തെറ്റാണ്. കേന്ദ്ര ഏജൻസികളുടെ കാര്യം അവർ പറയട്ടെ. സംസ്ഥാനത്തെ സംബന്ധിച്ച കാര്യം ഞാൻ പറയാം. സ്വർണ്ണക്കടത്തിലെ അന്വേഷണത്തിന് തുടക്കം മുതൽ എല്ലാ പിന്തുണയും സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. അന്വേഷണം നടത്തുന്ന മൂന്ന് ഏജൻസികളും ഇക്കാര്യത്തിൽ പരാതി പറഞ്ഞിട്ടില്ല. സത്യസന്ധമായി അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം എന്നതാണ് സർക്കാരിൻ്റെ നയം.

രാജ്യത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് പോറലേൽക്കുന്ന കുറ്റകൃത്യമാണ് നടന്നത്. നയതന്ത്രബാഗുകൾ ദുരുപയോഗം ചെയ്യുന്ന അവസ്ഥയുണ്ടായി. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ നേരത്തേ തന്നെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കേസിൽ സർക്കാരിനെതിരെ പുകമറയുണ്ടക്കാൻ പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുന്നതായി കാണുന്നു. ഇവിടെ ഒരു കുറ്റകൃത്യം നടന്നിരിക്കുന്നു. അതിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആരേയും കസ്റ്റഡിയില്‍ എടുക്കാനും ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്.

കേന്ദ്ര ഏജൻസി ഒരാളെ അറസ്റ്റ് ചെയ്യാനൊരുങ്ങിയാൽ അതു തടയാൻ സംസ്ഥാനത്തിനാവുമോ. അറസ്റ്റ് തടയാൻ വേണ്ടിയാണ് ശിവശങ്കറെ മെഡി. കോളേജിലേക്ക് മാറ്റിയതെന്ന് പറയുന്നതും ഭാവനയല്ലേ. ശിവശങ്കറെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് കസ്റ്റംസാണെന്നാണ് മാധ്യമവാർത്തയിൽ പറയുന്നത്. സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റിയതും കസ്റ്റംസാണ്. ഇതൊക്കെ തടയാൻ സർക്കാരിനാവുമോ. അറസ്റ്റുണ്ടായാൽ സർക്കാരിന് വലിയ പ്രതിസന്ധിയുണ്ടാവും എന്ന പരാമർശം ഇതിലെ ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. എത്ര ഉന്നതനായാലും തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം എന്നാണ് സർക്കാരിൻ്റെ നിലപാട്.

പദവിക്ക് യോദിക്കാത്ത ബന്ധം ശിവശങ്കറിനുണ്ടെന്ന് വ്യക്തമായപ്പോൾ ആണ് ഉടനടി അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കിയത്. ഈ വ്യക്തിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായും സർക്കാരുമായും ഒരു ബന്ധവുമില്ല. അതിനാൽ തന്നെ അന്വേഷണ ഏജൻസിക്ക് അവരുടെ വഴിക്ക് നീങ്ങാൻ ഒരു തടസവും ഇല്ല. സംസ്ഥാനം ആവശ്യപ്പെട്ട പ്രകാരം കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുമ്പോൾ ലൈഫിലെ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ കോടതിയിൽ പോയതിനെ ഈ റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്. ഈ രണ്ട് കേസും തമ്മിൽ ഒരു ബന്ധവും ഇല്ല. വിദേശ സംഭാവന നിയന്ത്രണം നിയമം ലംഘിച്ചു എന്നാരോപിച്ചാണ് ലൈഫിൽ കേസെടുത്തത്. ലൈഫ് പദ്ധതി ഈ നിയമത്തിന് കീഴിൽ വരില്ല. ഇക്കാര്യം ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലൈഫ് കേസിൽ അന്തിമ വിധി വന്ന ശേഷം ബാക്കി പറയാം. ലൈഫും സ്വർണ്ണക്കടത്തും കൂട്ടിക്കെട്ടുന്നതിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് ജനങ്ങൾക്ക് അറിയാം.

അന്വേഷണ ഏജൻസിക്ക് കിട്ടിയ വിവരങ്ങളെക്കുറിച്ച് നമ്മുക്ക് കൃത്യമായ ധാരണയില്ല. അതിനാൽ തന്നെ അന്വേഷണത്തെ മറ്റൊരു രീതിയിൽ വിലയിരുത്താൻ സംസ്ഥാന സ‍‍ർക്കാരിനാവില്ല. അന്വേഷണ ഏജൻസിയുടെ അന്വേഷണം പൂ‍ർത്തിയായ ശേഷം ശിവശങ്കറിൻ്റെ പങ്കിൻ്റെ കുറിച്ച് പ്രതികരിക്കാം. അന്വേഷണം കൃത്യമായി പോകുന്നുവെന്നാണ് സംസ്ഥാന സ‍ർക്കാരിൻ്റെ വിശ്വാസം. എന്നാൽ ഇക്കാര്യത്തിൽ വി.മുരളീധരൻ്റെ ഇടപെടൽ അപക്വമാണ്. അതിൻ്റെ ഉദാഹരമാണ് അദ്ദേഹത്തിൻ്റെ വാ‍ർത്തസമ്മളനം. ഇതൊക്കെ ജനങ്ങൾക്ക് മനസിലാവുന്നുണ്ട്.

 

 

 

 

Follow Us:
Download App:
  • android
  • ios