ഓൺലൈൻ പഠന സൗകര്യമില്ലാത്തതാണ് മകളുടെ മരണത്തിന് കാരണമെന്ന മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നിലും ദേവികയുടെ മാതാപിതാക്കള്‍ ആവര്‍ത്തിച്ചിരുന്നു

മലപ്പുറം: വളാഞ്ചേരിയിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയുടെ മരണത്തില്‍ അന്വേഷം അട്ടിമറിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുവന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. ഓണ്‍ലൈൻ പഠന സൗകര്യമില്ലാത്തതില്‍ മനം നൊന്ത് ജീവനൊടുക്കിയ സംഭവത്തില്‍ കാരണം അതല്ലെന്ന് വരുത്തി തീര്‍ക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് യു.ഡി.എഫിന്‍റെ പരാതി.

ദേവികയുടെ മരണത്തിനിടയാക്കിയ സാഹചര്യം കണ്ടെത്താൻ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. തിരൂര്‍ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘത്തിനായിരുന്നു അന്വേഷണ ചുമതല.സംഘം വീട്ടിലെത്തി ദേവികയുടെ മാതാപിതാക്കളുടേയും സ്കൂളിലെ അധ്യാപകരുടേയും മൊഴിയെടുത്തിരുന്നു. 

ദേവിക മരിച്ചുകിടന്ന സ്ഥലവും അന്വേഷണ സംഘം പരിശോധിച്ച് തെളിവെടുത്തു. ഓൺലൈൻ പഠന സൗകര്യമില്ലാത്തതാണ് മകളുടെ മരണത്തിന് കാരണമെന്ന മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നിലും ദേവികയുടെ മാതാപിതാക്കള്‍ ആവര്‍ത്തിച്ചിരുന്നു. തിരൂർ ഡിവൈഎസ്എപിയുടെ നേതൃത്വത്തിൽ നല്ല നിലയില്‍ പുരോഗമിക്കുന്നതിനിടെ കേസ്വനേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് മരണകാരണം മാറ്റിമറിക്കാനാണെന്നാണ് യു.ഡി.എഫിന്‍റെ പരാതി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും പൊലീസിന്‍റെ പ്രാഥമിക പരിശോധനയിലും ദേവികയുടേത് ആത്മഹത്യതന്നെയെന്ന് വ്യക്തമായിട്ടുണ്ട്.