ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ് . ഇറ്റലിയിൽ  കഴിഞ്ഞ 24 മണിക്കൂറിൽ 743 പേർ മരിച്ചു .

ന്യൂയോർക്ക്: ലോകത്ത് കോവിഡ് മരണം 18000 കടന്നു . നാല് ലക്ഷത്തിലേറെ പേർക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട് . ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ് . ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 743 പേർ മരിച്ചു . 5249 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിൽ ഇന്ന് മരിച്ചത് 489 പേരാണ് . അമേരിക്കയിൽ രോഗികളുടെ എണ്ണം അരലക്ഷത്തോളമെത്തി. 

അമേരിക്കയിൽ ഇന്ന് മാത്രം 5800 പേർക്ക് രോഗം സ്ഥിരീകരിച്ചു. ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ ട്യുൻബെർഗിനെ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. തന്റെ രോഗവിവരം ഗ്രെറ്റ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്

കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം സ്‌പെയിനിൽ നാലായിരത്തി അഞ്ഞൂറ് പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു . ഇറ്റലിയിൽ ആകെ മരണം ആറായിരം കടന്നു. സ്‌പെയിനിൽ പ്രായമായ രോഗികളെ അഗതിമന്ദിരങ്ങൾ ഉപേക്ഷിക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് വൃദ്ധ രോഗികളെ രക്ഷിക്കുന്ന ദൗത്യം സൈന്യത്തെ ഏൽപ്പിച്ചു.

കോവിഡിന്റെ പിടിയിൽ നിന്ന് കരകയറുന്ന ചൈന യാത്രാ നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ലോകത്തെ എല്ലാ സംഘർഷമേഖലകളിലും വെടിനിർത്തൽ വേണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആഹ്വാനം ചെയ്തു.