കൊച്ചി: അറ്റകുറ്റപണികൾക്കായി കൊച്ചി പാലാരിവട്ടം മേൽപ്പാലം അടച്ചിടാനുള്ള തീരുമാനം മാറ്റി. 48 ദിവസത്തേക്ക് പാലം അടച്ചിടാനായിരുന്നു റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ തീരുമാനം. പാലം പണി പൂർത്തിയായി മൂന്ന് വർഷം തികയുന്നതിന് മുമ്പാണ് അറ്റകുറ്റ പണികൾക്കായി പാലം അടക്കാന്‍ തീരുമാനിച്ചത്.

2016 ഒക്ടോബർ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം മേൽപ്പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന്ന് പിന്നാലെ വ്യക്തമായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം തികയും മുമ്പ് തന്നെ മേൽപ്പാലത്തിന്റെ സ്ലാബുകൾക്കിടയിൽ വിള്ളലുകൾ സംഭവിച്ചു. 

പാലത്തിലെ  ടാറിളകി റോഡും  തകർന്ന നിലയിലായിരുന്നു.  ഈ സാഹചര്യത്തിലാണ് 48 ദിവസം പാലത്തിലൂടെയുള്ള ഗതാഗതം  നിർത്തിവെച്ച് അറ്റകുറ്റ പണികൾ ആരംഭിക്കാന്‍ തീരുമാനമായത്. 52 കോടി രൂപ ചെലവഴിച്ച പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത് ഗുജറാത്ത്  കമ്പനിയായ ആ‌ർഡിഎസ് കൺസ്ട്രഷൻസ് ആയിരുന്നു. 

കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ്സ് കോർപ്പറേഷന്റെ മേൽനോട്ടത്തിലായിരുന്നു പണികൾ നടന്നത്. പാലത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി സംഘടനകൾ പ്രതിഷേധവും ഉയർത്തിയിരുന്നു.നിർമാണം നടത്തിയ ആ‌ർഡിഎസ് കൺസ്ട്രഷൻസിന് തന്നെയാണ് അറ്റകുറ്റപണികളുടെയും ചുമതല.