Asianet News MalayalamAsianet News Malayalam

'അല്ലയോ ജനപ്രതിനിധീ, നിങ്ങൾ എന്തൊരു ദുരന്തമാണ് ?' അനിൽ അക്കരയ്ക്ക് ദീപ നിശാന്തിന്‍റെ മറുപടി

അച്ഛനെ മാറ്റിപ്പറയേണ്ട ഗതികേട് എനിക്കില്ല. അത്തരം ധ്വനികളൊക്കെ ആ പോസ്റ്റിൽ വരുന്നത് എന്തടിസ്ഥാനത്തിലാണ്? നിങ്ങൾക്ക് അൽപ്പം പോലും ലജ്ജ തോന്നുന്നില്ലേ?

Deepa Nisanth gives a befitting reply to Anil Akkara MLA in facebook
Author
Thiruvananthapuram, First Published Mar 27, 2019, 9:57 AM IST

തിരുവനന്തപുരം: തന്‍റെ പിതാവിനെ എന്തിനാണ് വിവാദ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് അനിൽ അക്കര എംഎൽഎയോട് എഴുത്തുകാരി ദീപ നിശാന്ത്. 'ദീപ ടീച്ചറേക്കാൾ തനിക്ക് ബഹുമാനം അവരുടെ അച്ഛനോടാണ്' എന്ന അനിൽ അക്കര എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന് എഴുതിയ മറുപടിയിലാണ് ദീപ നിശാന്തിന്‍റെ ചോദ്യം. ദീപ നിശാന്തിന്‍റെ പിതാവിനെ ആദരിക്കുന്ന ദിവസം ദീപ ടീച്ചർ തന്നെ വിളിച്ചെന്നും എന്താണ് പറഞ്ഞതെന്ന് നാട്ടുകാരെ കേൾപ്പിക്കാത്തത് തന്‍റെ മര്യാദയാണെന്നും അനിൽ അക്കര ഫേസ്ബുക്കിൽ എഴുതിയിരുന്നു.

തന്‍റെ അച്ഛനെ എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചതെന്തിനായിരുന്നു? അതുംകൂടി പറയണമെന്ന് ദീപ നിശാന്ത് ആവശ്യപ്പെടുന്നു. "അഴിമതിയില്ലാതെ ജോലിയെടുത്ത ആളുകളുടെ അവരുടെ സേവനമികവിനെ അംഗീകരിക്കുന്ന ഒരു ചടങ്ങായിരുന്നില്ലേ അത്? അച്ഛൻ തന്‍റെ അഭിമാനം തന്നെയാണ്. അച്ഛനെ മാറ്റിപ്പറയേണ്ട ഗതികേട് എനിക്കില്ല. അത്തരം ധ്വനികളൊക്കെ ആ പോസ്റ്റിൽ വരുന്നത് എന്തടിസ്ഥാനത്തിലാണ്? നിങ്ങൾക്ക് അൽപ്പം പോലും ലജ്ജ തോന്നുന്നില്ലേ? ഞാനെന്തിനാണ് നിങ്ങളെയന്ന് വിളിച്ചത്? ആ ചടങ്ങിൽ എനിക്ക് പങ്കെടുക്കാനാവില്ലെന്ന് അറിയിക്കാനല്ലേ? എനിക്ക് നേരത്തെ ഏറ്റ ഒഴിവാക്കാനാവാത്ത മറ്റൊരു ചടങ്ങിൽ പങ്കുകൊള്ളേണ്ടതുള്ളതിനാൽ വരാനാവില്ലെന്ന് പറയാൻ വിളിച്ച കാര്യത്തെ എന്തടിസ്ഥാനത്തിലാണ് ' വേണങ്കി കോൾ ലിസ്റ്റ് 'നോക്കിക്കോന്നും പറഞ്ഞ് നിങ്ങൾ വെല്ലുവിളിക്കുന്നത്?" ദീപ നിശാന്ത് അനിൽ അക്കരയ്ക്കുള്ള മറുപടിയിൽ പറയുന്നു.

ദീപ നിശാന്തിന്‍റെ പോസ്റ്റിന്‍റെ പൂർണ്ണരൂപം ചുവടെ
"അല്ലയോ ജനപ്രതിനിധീ, നിങ്ങൾ എന്തൊരു ദുരന്തമാണ്.നിങ്ങൾ എന്തിനാണ് ഈ വിഷയത്തിലേക്ക് എന്റെ പിതാവിനെ വലിച്ചിഴയ്ക്കുന്നത്. എന്റച്ഛനെ നിങ്ങൾ പൊന്നാടയണിയിച്ച് ആദരിച്ചതെന്തിനായിരുന്നു? അതുംകൂടി പറയൂ. നിങ്ങളുടെ പാർട്ടിയിൽ പ്രവർത്തിച്ചതിനാണോ? അല്ലല്ലോ? നിങ്ങളുടെ വീട്ടുമുറ്റത്തെ വ്യക്തിപരമായ ഒരു ചടങ്ങായിരുന്നോ അത്? അഴിമതിയില്ലാതെ ജോലിയെടുത്ത ആളുകളെ - അവരുടെ സേവനമികവിനെ - അംഗീകരിക്കുന്ന ഒരു ചടങ്ങായിരുന്നില്ലേ അത്? അതിൽ രാഷ്ട്രീയം പരിഗണനാ വിഷയമായിരുന്നോ?എന്റച്ഛൻ എന്റെ അഭിമാനം തന്നെയാണ്. കൈക്കൂലി വാങ്ങാത്ത, അഴിമതിയുടെ കറപുരളാത്ത ഒരു സംശുദ്ധ തൊഴിൽജീവിതം എന്റച്ഛനുണ്ടായിരുന്നു എന്നത് നിങ്ങൾ പോലും അംഗീകരിച്ചതുകൊണ്ടാണല്ലോ നിങ്ങളുടെ ആദരവിന് എന്റച്ഛൻ പാത്രമായത്. അതിലെനിക്ക് സന്തോഷമുണ്ട്. ഈ ചിത്രത്തിനും നന്ദി. അച്ഛനെ മാറ്റിപ്പറയേണ്ട ഗതികേട് എനിക്കില്ല. അത്തരം ധ്വനികളൊക്കെ ആ പോസ്റ്റിൽ വരുന്നത് എന്തടിസ്ഥാനത്തിലാണ്? നിങ്ങൾക്ക് അൽപ്പം പോലും ലജ്ജ തോന്നുന്നില്ലേ?

ഞാനെന്തിനാണ് നിങ്ങളെയന്ന് വിളിച്ചത്? ആ ചടങ്ങിൽ എനിക്ക് പങ്കെടുക്കാനാവില്ലെന്ന് അറിയിക്കാനല്ലേ? എനിക്ക് നേരത്തെ ഏറ്റ ഒഴിവാക്കാനാവാത്ത മറ്റൊരു ചടങ്ങിൽ പങ്കുകൊള്ളേണ്ടതുള്ളതിനാൽ വരാനാവില്ലെന്ന് പറയാൻ വിളിച്ച കാര്യത്തെ എന്തടിസ്ഥാനത്തിലാണ് ' വേണങ്കി കോൾ ലിസ്റ്റ് 'നോക്കിക്കോന്നും പറഞ്ഞ് നിങ്ങൾ വെല്ലുവിളിക്കുന്നത്?'കോൾ ലിസ്റ്റും', 'കോൾ റെക്കോർഡും' രണ്ടാണെന്ന ബോധ്യം നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ ദയവു ചെയ്ത് നിങ്ങളുടെ സ്വാധീനമുപയോഗിച്ച് അത് കണ്ടെത്തിത്തരിക.

"പിന്നെ നിങ്ങൾ കേരളത്തിലെ മികച്ച എം പി യുടെ വക്താവാണെന്ന് മനസ്സിലായി '' എന്നൊരു വാചകം നിങ്ങളെഴുതിക്കണ്ടു. അറിഞ്ഞോ അറിയാതെയോ നിങ്ങൾ പോലും പി കെ ബിജു മികച്ച എം പിയാണെന്ന് സമ്മതിക്കുന്നു എന്നത് വലിയ കാര്യമാണ്.അദ്ദേഹത്തിനത് അംഗീകാരവുമാണ്. നിങ്ങൾ നേരിട്ടപോലെ അഴിമതി ആരോപണങ്ങളും മറ്റും നേരിടാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെപ്പോലൊരാളെ പിന്തുണയ്ക്കുന്നതിൽ അഭിമാനിക്കുന്നു.

പിന്നെ 'ഡോക്ടറേറ്റ് കോപ്പിയടിച്ചതാണോ?'എന്ന ചോദ്യമാണ് കിടുക്കിയത്.സ്വന്തം നാട്ടിലെ കോൺഗ്രസ് തറവാട്ടിലെ പൊന്നോമനപ്പുത്രിക്ക് ഡോക്ടറേറ്റ് കിട്ടീന്നും പറഞ്ഞ് വല്ല സ്വീകരണോ മറ്റോ ഏർപ്പാടാക്കിയിട്ടുണ്ടോ? ഫ്ളക്സ് നിർബന്ധമായും ഉണ്ടായിരിക്കൂലോ അല്ലേ ?

ഇത്തരം മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുമ്പോ ഒന്നന്വേഷിക്കണം. എനിക്ക് ഡോക്ടറേറ്റ് ഉണ്ടോന്ന്. റിസർച്ചിന്റെ വഴിയിലൂടെ ഞാൻ നടക്കുന്നേയുള്ളൂ. ഡാക്കിട്ടറായിട്ടില്ല! ആയാൽ ആദ്യം അറിയിക്കുന്നത് 'മുൻ'എംഎൽഎയെ ആയിരിക്കും.

അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുന്ന ഭൂരിപക്ഷം കുറയ്ക്കാൻ ഇനിയെങ്കിലും ഇത്തരം മണ്ടത്തരങ്ങൾ അവസാനിക്കണം എന്നഭ്യർത്ഥിക്കുന്നു."

Follow Us:
Download App:
  • android
  • ios