ബന്ധുക്കള്‍ ആരെങ്കിലും പിന്നീട് വന്നാല്‍ പ്രശ്നമാകുമെന്നും അതിനാല്‍ ദഹിപ്പിക്കാനാകില്ലെന്നുമായിരുന്നു നഗരസഭയുടെ നിലപാട്. പകരം മറവ് ചെയ്യാമെന്നും വ്യക്തമാക്കി

മലപ്പുറം: മുങ്ങി മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം പൊതു ശ്മശാനത്തില്‍ സംസ്കരിക്കാൻ വൈകിയതില്‍ പ്രതിഷേധം. പൊതുശ്മശാനത്തിലെ ജീവനക്കാരുടെ കുറവാണ് മൃതദേഹം ദഹിപ്പിക്കാൻ വൈകിയതിന് കാരണമായത്. മലപ്പുറം നഗരസഭാ ചെയര്‍പേഴ്സൺ സി എച്ച് ജമീലയെ നാട്ടുകാര്‍ ഉപരോധിച്ചതോടെയാണ് മൃതദേഹം മറവ് ചെയ്യാനുള്ള സൗകര്യമൊരുക്കിയത്.

മേട്ടുപ്പാളയം സ്വദേശിയായ സുന്ദരനാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് കടലുണ്ടിപ്പുഴയില്‍ മുങ്ങിമരിച്ചത്. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മൃതദേഹം ദഹിപ്പിക്കാനായി രാവിലെ പതിനൊന്നരയോടെ മുണ്ടുപറമ്പിലുള്ള നഗരസഭയുടെ പൊതുശ്മശാനത്തിലെത്തിച്ചു. സുന്ദരന് ഒപ്പം ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശികളും കൂടെയുണ്ടായിരുന്നു. 

ബന്ധുക്കള്‍ ആരെങ്കിലും പിന്നീട് വന്നാല്‍ പ്രശ്നമാകുമെന്നും അതിനാല്‍ ദഹിപ്പിക്കാനാകില്ലെന്നുമായിരുന്നു നഗരസഭയുടെ നിലപാട്. പകരം മറവ് ചെയ്യാമെന്നും വ്യക്തമാക്കി. മൂന്ന് താല്‍ക്കാലിക ജീവനക്കാരാണ് പൊതുശ്മശാനത്തിലുള്ളത്. എന്നാല്‍, രണ്ട് മണിയായിട്ടും ഒരാള്‍ മാത്രമാണ് കുഴിയെടുക്കാൻ എത്തിയത്.

മറ്റ് ജീവനക്കാര്‍ എത്താതായതോടെ നാട്ടുകാര്‍ മൃതദേഹവുമായി മലപ്പുറം നഗരസഭാ ചെയര്‍പേഴ്സണെയും കൗണ്‍സിലര്‍മാരെയും ഉപരോധിച്ചു. ഇതിന് ശേഷം മൃതദേഹം സംസ്കരിക്കാൻ നഗരസഭ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ജീവനക്കാര്‍ ജോലിയില്‍ വീഴ്ച വരുത്തിയോയെന്ന് പരിശോധിക്കുമെന്ന് ചെയർപേഴ്സണ്‍ സി എച്ച് ജമീല പറഞ്ഞു.