സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന സ്ത്രീകളെ അപവാദം പറഞ്ഞ് തളർത്തുകയാണെന്ന് കിളിമാനൂർ ഏര്യാ കമ്മിറ്റിയില്‍ നിന്നും വിമർശനം ഉയര്‍ന്നു. 

തിരുവനന്തപുരം: രണ്ടാം പിണറായി (Pinarayi Vijayan) സർക്കാരിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ (CPM District Conference) രൂക്ഷ വിമർശനം. ഒന്നാം പിണറായി സർക്കാർ കൊള്ളാം എന്നാൽ രണ്ടാം പിണറായി സർക്കാർ പോര. ആഭ്യന്തര വകുപ്പിൽ പിടി അയയുന്നു. പൊലീസിൽ കളളൻമാരും വർഗീയ വാദികളും കൂടുന്നു. ആരോഗ്യ വകുപ്പ് ദേശീയ പുരസ്കാരങ്ങൾ വാങ്ങി കൂട്ടുന്നു. എന്നാൽ പാവങ്ങൾക്ക് മന്ത്രി ഓഫീസിൽ പ്രവേശനമില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. 

മന്ത്രി ഓഫീസുകൾക്ക് വേഗത പോരെന്ന് പാളയം ഏര്യാ കമ്മിറ്റിക്ക് വേണ്ടി വി കെ പ്രശാന്ത് വിമർശിച്ചു. ആരോഗ്യ, വ്യവസായ മന്ത്രിമാര്‍ക്കെതിരെ വളരെ ​ഗൗരവതരമായ വിമര്‍ശനമാണ് കോവളം ഏര്യ കമ്മിറ്റി ഉന്നയിച്ചത്. ആരോ​ഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഓഫീസില്‍ പാവങ്ങള്‍ക്ക് കയറാന്‍ കഴിയുന്നില്ലെന്നായിരുന്നു വിമര്‍ശനം. സാധാരണ കുടുംബങ്ങളിൽ നിന്ന് എത്തുന്ന വനിതാ സഖാക്കൾക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു കിളിമാനൂർ എര്യ കമ്മിറ്റിയുടെ പരാതി. വ്യവസായ വകുപ്പിനെതിരെയും തദ്ദേശ വകുപ്പിനെതിരെയും ആക്ഷേപങ്ങൾ ഉയർന്നു. അതേസമയം മുഹമ്മദ് റിയാസിസ് കൈയ്യടി വാങ്ങി.