ദില്ലി: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനിടെ ജീവൻ നഷ്ടമായ മുന്നണിപ്പോരാളിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകി ഡൽഹി ആശുപത്രി. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിപിഎസ് ഹെൽത്ത്കെയറിന് കീഴിലുള്ള ഡൽഹി മെഡിയോർ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക റേച്ചൽ ജോസഫിന്‍റെ കുടുംബത്തിനാണ് ആശുപത്രി അധികൃതർ അടിയന്തര സഹായവും പിന്തുണയുമായി എത്തിയത്. കുത്തബ് ഇൻസ്റ്റിറ്റ്യുഷണൽ ഏരിയയിലെ മെഡിയോർ ആശുപത്രിയിൽ ബ്ലഡ്ബാങ്ക് മാനേജരായിരുന്ന പത്തനംതിട്ട സ്വദേശിനി റേച്ചൽ ജോസഫിന്റെ കുടുംബത്തിനാണ് സഹായം. 

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റേച്ചൽ ജോസഫ് (48) ബുധനാഴ്ചയാണ് മരിച്ചത്. വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിന്റെ അഭ്യർത്ഥനയെ തുടർന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് കുടുംബത്തിന് അടിയന്തര സഹായം കൈമാറി. കുര്യൻ ജോസഫിന്റെ വസതിയിൽ റേച്ചലിന്റെ കുടുംബാംഗം ഫാദർ ജയ് വർഗീസ് സഹായം ഏറ്റുവാങ്ങി. ഡൽഹിയിലും രാജ്യതലസ്ഥാന മേഖലയിലും കൊവിഡിനെത്തുടർന്നു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവ് എന്ന കൂട്ടായ്മയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ജസ്റ്റിസ് കുര്യൻ ജോസഫ്. 

കൊവിഡ് ബാധിതർക്ക് ചികിത്സയൊരുക്കുന്നതിൽ സജീവമായിരുന്ന റേച്ചലിന്റെ കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കിയ മെഡിക്കൽ ഗ്രൂപ്പിന്റെ നടപടി പ്രശംസനീയമാണെന്ന് അദേഹം പറഞ്ഞു. "കൊവിഡ് ബാധിതരെ പരിചരിക്കുന്നതിനായി ആരോഗ്യപ്രവർത്തകർ എല്ലാ ക്ലേശങ്ങളും മറന്നാണ് മുന്നിട്ടിറങ്ങുന്നത്. അവർക്കൊപ്പം സമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. അത് അവർക്കും കുടുംബങ്ങൾക്കും കരുത്തുപകരും.  റേച്ചലിന്റെ കുടുംബത്തിന് അടിയന്തര ആശ്വാസവുമേകുന്ന വിപിഎസ് ഹെൽത്ത്കെയറിന്റെയും ഡോ. ഷംഷീർ വയലിലിന്റെയും മാതൃക രാജ്യത്തെ മറ്റു ആശുപത്രികളും പിന്തുടരുമെന്നാണ് പ്രതീക്ഷ," അദേഹം കൂട്ടിച്ചേർത്തു. 

"

പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന റേച്ചൽ ജോസഫിന് ശ്വാസകോശ സംബന്ധമായ പ്രശ്‍നങ്ങളും പ്രമേഹവും ഉണ്ടായിരുന്നത് കൊവിഡ് ബാധിച്ച ശേഷം ആരോഗ്യനില മോശമാകാൻ കാരണമായിരുന്നു. തിരുവല്ല ഓതറ മാരാമൺ പുത്തൻവീട്ടിൽ കുടുംബാംഗമായ റേച്ചൽ ജോസഫ് 2007 മുതൽ മെഡിയോർ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ക്വാളിറ്റി മാനേജർ ആൻഡ് സൂപ്പർവൈസറായി സേവനമനുഷ്ഠിക്കുകയായിരുന്നു. 

മെഡിയോർ ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകിയ മുന്നണിപ്പോരാളിയായിരുന്നു റേച്ചലെന്ന് മെഡിയോർ ഹോസ്പിറ്റൽസ് (ഡൽഹി) ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നിഹാജ് ജി മുഹമ്മദ് പറഞ്ഞു. റേച്ചലിന്റെ വിയോഗം മുഴുവൻ ആരോഗ്യപ്രവർത്തകർക്കും വേദനാജനകമാണ്. ദീർഘകാലമായി മെഡിയോർ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന റേച്ചലിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം അവർക്ക് തുടർന്നും എല്ലാ പിന്തുണയും നൽകുമെന്നും അദേഹം അറിയിച്ചു. 

ജോസഫ് വർഗീസാണ് റേച്ചലിന്റെ ഭർത്താവ്. മകൻ അക്ഷയ് വർഗീസ് ജോസഫ് ഗുഡ്ഗാവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. 2001 മുതൽ കുടുബം ഡൽഹിയിലാണ് താമസം.