സ്‌കൂട്ടറില്‍ ഡെലിവറി വാന്‍ തട്ടിയെന്നു പറഞ്ഞ് കയ്യേറ്റം ചെയ്ത സംഭവത്തിൽ നീതി ലഭിച്ചില്ലെന്ന് ആരോപണം

തൃശൂര്‍: സ്‌കൂട്ടറില്‍ ഡെലിവറി വാന്‍ തട്ടിയെന്നു പറഞ്ഞ് കയ്യേറ്റം ചെയ്ത സംഭവത്തിൽ നീതി ലഭിച്ചില്ലെന്ന് ആരോപണം. ഡെലിവറി വാന്‍ ഓടിച്ചിരുന്ന മാടായിക്കോണം സ്വദേശി കണ്ണാട്ട് വീട്ടില്‍ സജീവ് കുമാറിനെ (50) കുഴിക്കാട്ടുകോണം സ്വദേശി ബലറാം എന്നയാള്‍ ആക്രമിച്ചതായാണ് പരാതി. ആക്രമണത്തില്‍ സജീവ് കുമാറിന്‍റെ മൂക്കിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂക്കിന്‍റെ എല്ലിനും കണ്ണിന്‍റെ രക്തക്കുഴലിനും പൊട്ടലും കൃഷ്ണമണിക്ക് പോറലും സംഭവിച്ചിട്ടുണ്ടെന്ന് സജീവ് കുമാറിന്‍റെ ഭാര്യ പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് നടന്ന സംഭവത്തില്‍ പോലീസിന്‍റെ ഭാഗത്തുനിന്ന് നീതിയുക്തമായ യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇതേത്തുടർന്ന് സജീവിന്‍റെ കുടുംബം ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന് മുന്‍പില്‍ ശവപ്പെട്ടിയുമായി എത്തി സമരം നടത്തി.

ഇതിനിടയില്‍ മൊഴിയെടുക്കാന്‍ എത്തിയ പൊലീസ് കേസിന്‍റെ ബലത്തിനെന്ന് പറഞ്ഞ് മൊഴി മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം ആരോപിച്ചു. തുടര്‍ന്ന് പ്രതിക്കെതിരെ നിസാരവകുപ്പുകള്‍ ചുമത്തി കേസെടുത്ത് പ്രതിയെ വിട്ടയക്കുകയായിരുന്നു എന്നും ഇവർ ചൂണ്ടിക്കാട്ടി. ഇരിങ്ങാലക്കുട സ്റ്റേഷനില്‍ പുതിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചാര്‍ജ് എടുത്ത ദിവസമാണ് സമരം നടന്നത്. കേസ് വിവരങ്ങള്‍ അന്വേഷിച്ച് രണ്ടു ദിവസത്തിനുള്ളില്‍ നടപടിയെടുക്കാമെന്ന് അദ്ദേഹം സജീവ് കുമാറിന്‍റെ കുടുംബത്തിന് ഉറപ്പുനല്‍കി.