കൊച്ചി: സുപ്രീംകോടതി അന്ത്യശാസനത്തെ തുടര്‍ന്ന് തീരദേശസംരക്ഷണനിയമം ലംഘിച്ചു കൊണ്ട് നിര്‍മ്മിച്ച മരടിലെ നാല് ഫ്ളാറ്റുകളും പൊളിച്ചു കളയാനുള്ള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കി. ഇതിനു ആദ്യപടിയായി ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതിബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചു. ഫ്ളാറ്റുമടകളുടേയും താമസക്കാരുടേയും ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചത്. ജലവിതരണവും തടസപ്പെടുത്തിയിട്ടുണ്ട്. 

സര്‍ക്കാര്‍ തയ്യാറാക്കിയ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് ഈ മാസം 29 മുതല്‍ ഫ്ലാറ്റിലുള്ളവരെ കുടിയൊഴിപ്പിച്ചു തുടങ്ങും. നാല് ദിവസത്തിനകം നാല് ഫ്ലാറ്റുകളിലേയും മുഴുവന്‍ ആളുകളേയും ഒഴിപ്പിക്കും. ഒക്ടോബര്‍ 11 മുതല്‍ ഫ്ളാറ്റുകള്‍ പൊളിച്ചു തുടങ്ങും. തൊണ്ണൂറ് ദിവസം കൊണ്ട് പരിസ്ഥിതിക്ക് പരമാവധി കോട്ടം തട്ടാത്ത രീതിയില്‍ മുഴുവന്‍ ഫ്ളാറ്റുകളും പൊളിച്ചു കളയനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2020 ഫെബ്രുവരി ഒമ്പതോടെ മുഴുവന്‍ കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്യുമെന്നും ആക്ഷന്‍ പ്ലാനില്‍ പറയുന്നു.

അതിനിടെ മരട് നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ ഇന്ന് യോഗം ചേരും. ഫോര്‍ട്ട് കൊച്ചി കളക്ടറെ കെട്ടിട്ടങ്ങള്‍ പൊളിച്ചു കളയാനുള്ള ഉത്തരവാദിത്തം നല്‍കി മരട് നഗരസഭാ സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇതോടെ മുന്‍ സെക്രട്ടറിക്ക് ചുമതലകളൊന്നും ഇല്ലാത്ത അവസ്ഥയിലാണ്. ഇതോടെ മരട് നഗരസഭയിലെ ദൈനംദിന കാര്യങ്ങള്‍ നോക്കാന്‍ ആളില്ല എന്നാണ് നഗരസഭാ അധികൃതരുടെ പരാതി. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് നഗരസഭാ കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നേക്കാം.