തിരുവനന്തപുരം: കൊവിഡിന് പുറമെ സംസ്ഥാനത്തിന് ഭീഷണിയായി എലിപ്പനിയും ഡെങ്കിപ്പനിയും കൂടുന്നു. ഒരു മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് നാല് പേരാണ്. ഡെങ്കിപ്പനി, ചെള്ളുപനി മരണങ്ങളും ആശങ്കയുണ്ടാക്കുന്നു. അതേസമയം കൊവിഡ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അപകടകരമായി ഉയർന്ന അഞ്ച് ജില്ലകളിൽ പരിശോധനകളും പ്രതിരോധ നടപടികളും ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു.
 
മഴ ശക്തമായ ഒരുമാസത്തിനിടെ 321 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 102 പേർക്ക് എലിപ്പനിയും 35 പേർക്ക് ചെള്ളുപനിയും ബാധിച്ചു.  എലിപ്പനി ബാധിച്ച് 12 പേരാണ് ഇതുവരെ സംസ്ഥാനത്ത് മരിച്ചത്. ഒരു മാസത്തിനിടെ മാത്രം നാല് പേർ മരിച്ചു.   ഡെങ്കിപ്പനി ബാധിച്ച് 5 പേരും ചെള്ളുപനി ബാധിച്ച് 5 പേരും സംസ്ഥാനത്ത് ഇതുവരെ മരിച്ചു. 26 സാധാരണ പനിമരണങ്ങളും സംസ്ഥാനത്തുണ്ടായി.  

മഴ ശക്തി പ്രാപിച്ചതോടെ സാധാരണ പനിക്കേസുകളും സംസ്ഥാനത്ത് കുതിച്ചുയർന്നു. എൺപത്തിയൊന്നായിരത്തിലധികം പേരാണ്  ഒരു മാസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയത്.  കൊവിഡിന് പുറമെയാണിത്.  പകർച്ചാ വ്യാധികളെക്കുറിച്ച് സർക്കാർ നേരത്തെ തന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. കോവിഡിൽ ഈ മാസം ആദ്യ ആഴ്ചയിലെ റിപ്പോർട്ട് പരിഗണിച്ചാണ് 5 ജില്ലകളിൽ പരിശോധ ശക്തമാക്കാൻ സർക്കാർ ഒരുങ്ങുന്നത്. 

കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടതോടെ ചില ജില്ലകൾ സമൂഹവ്യാപനത്തിന്റെ വക്കിലാണെന്ന് നേരത്തെ വിദഗ്ദ സമിതി തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അഞ്ച് ശതമാനത്തിന്  താഴെ നിൽക്കേണ്ട ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാസർഗോഡ് മലപ്പുറം ജില്ലകളിൽ പത്തിനും മുകളിലെത്തിയിരുന്നു. പരിശോധന കൂട്ടാനുള്ള നടപടിക്കൊപ്പം പരിശോധനകൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്തു.  

ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ രോഗികൾക്ക് നേരിട്ട് പോയി സ്വകാര്യ ലാബുകലിലടക്കം പരിശോധിക്കാമെന്ന നിർദേശം ഇതിന്‍റെ ഭാഗമായിരുന്നു. തിരുവനന്തപുരം, കാസർഗോഡ്, മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് പരിശോധന കൂട്ടി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കൊണ്ടു വരണമെന്നാണ് നിർദേശം.