തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രികളിലെ പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും നാളെ നടത്താനിരുന്ന സമരത്തില്‍ നിന്നും ഡെന്‍റില്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ പിന്മാറി. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സ്റ്റൈപ്പന്‍റ് വര്‍ധന ഉറപ്പ് നല്‍കിയെന്ന് ഡെന്‍റില്‍ വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

സ്റ്റൈപൻഡ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് മറ്റ് വിഭാഗങ്ങള്‍ നാളെ സൂചന സമരം നടത്തും. സമരത്തിന്റെ ആദ്യഘട്ടമായി വെളളിയാഴ്ച ഒപിയും കിടത്തി ചികിത്സയും ബഹിഷ്കരിക്കും. അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ സമരത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. സൂചന സമരം ഫലം കണ്ടില്ലെങ്കില്‍ 2-0ാം തീയതി മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും വിശദമാക്കി.

3000ത്തിലധികം വരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പണിമുടക്കുന്നതോടെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ അത് സാരമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പിജി ഡോക്ടര്‍മാരുടേയും ഹൗസ് സര്‍ജന്മാരുടേയും സ്റ്റൈപൻറ് 2015 ന് ശേഷം വര്‍ധിപ്പിച്ചിട്ടില്ല. അതേസമയം, സമരം ചെയ്യുന്ന പശ്ചിമബംഗാളിലെ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എയിംസിലെ റസിഡന്റ് ഡോക്ടർമാരും നാളെ പണിമുടക്കും.